തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തന സമയം നീട്ടി മദ്യപൻമാർക്ക് സംസ്ഥാന സർക്കാരിൻ്റെ കരുതൽ. ഇനി മുതൽ രാവിലെ പത്ത് മുതൽ അർധരാത്രി 12 വരെയായിരിക്കും എല്ലാ ബാറുകളും പ്രവർത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. വിജ്ഞാപനം പുറത്തിറങ്ങിയാൽ പുതിയ സമയക്രമം നിലവിൽ വരും. നിലവിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ബാറുകൾക്കായിരുന്നു രാവിലെ പത്ത് മുതൽ രാത്രി 12 വരെ പ്രവൃത്തി സമയം. ബാറുടമകളുടെ ആവശ്യം കണക്കിലെടുത്താണ് സർക്കാർ തീരുമാനം.
പുതിയ വിജ്‌ഞാപന പ്രകാരം സമയത്തിലുള്ള ഇളവ് എല്ലാ ബാറുകൾക്കും ബാധകമാകും. പഞ്ചനക്ഷത്ര വിഭാഗത്തിലും അതിനു മുകളിലുമുള്ള ബാറുകൾക്ക് 5 ലക്ഷം രൂപ പ്രതിവർഷം അധികം അടച്ച് 3 മണി വരെ പ്രവർത്തിക്കാൻ കഴിയുമെന്നും വിജ്‌ഞാപനത്തിൽ പറയുന്നു. അതേസമയം ഡ്രൈഡേയുടെ തലേന്ന് രാത്രി 12 മണി വരെ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. 2025 ജനുവരി 31 ലെ കണക്കനുസരിച്ച് 847 ബാർ ലൈസൻസുകളാണ് സംസ്‌ഥാനത്ത് നിലവിലുള്ളത്. 289 ബവ്കോ ഔട്ട് ലെറ്റുകൾക്കു പുറമേയാണിത്.
ടൂറിസം മേഖലയിലെ ബാറുകൾക്ക് മാത്രം രാവിലെ 10 മുതൽ അർധരാത്രി 12 വരെ അനുമതി നൽകുമ്പോൾ മറ്റു ബാറുകൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നില്ലെന്ന പരാതിയും ബാറുടമകൾ ഉന്നയിച്ചിരുന്നു. ബാറുകളിൽ നിന്നുള്ള വരുമാനം കുറയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രവർത്തന സമയം രണ്ട് മണിക്കൂർ കൂടുതൽ വേണമെന്ന് ഉടമകൾ ആവശ്യപ്പെട്ടത്. നിലവിൽ ഇത് രാവിലെ 11 മുതൽ രാത്രി 11 വരെയാണ്. സംസ്ഥാനത്തെ എല്ലാ ബാറുകളുടെയും പ്രവർത്തന സമയം രണ്ട് മണിക്കൂർ നീട്ടി നൽകിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കും.


