ധാക്ക: ബംഗ്ലാദേശിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ അടിച്ചമർത്താൻ അധികാരം ദുരുപയോഗം ചെയ്‌തെന്ന കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ്. ഈ വർഷം ഓഗസ്റ്റ് 3-നാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാൻ പ്രത്യേക ട്രൈബ്യൂണൽ അനുമതി നൽകിയത്. ഹസീനയുടെ അഭാവത്തിലും കൂട്ടക്കൊല, പീഡനം ഉൾപ്പെടെയുള്ള അഞ്ച് കുറ്റകൃത്യങ്ങളാണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ചുമത്തിയിരുന്നത്. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കേസുകളില്‍ പ്രതികളാണ്.
ഷെയ്ഖ് ഹസീന അധികാരം ഉപയോഗിച്ച് മാനവികതയ്‌ക്കെതിരെ ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. വിധിന്യായത്തിലെ പ്രധാന കണ്ടെത്തലുകൾ ഇവയാണ്. പ്രക്ഷോഭകാരികൾക്ക് നേരെ മാരകായുധങ്ങൾ ഉപയോഗിക്കാൻ ഷെയ്ഖ് ഹസീന ഉത്തരവിട്ടു. വിദ്യാർത്ഥികൾക്ക് നേരെ നടന്ന വെടിവയ്പ്പിനെക്കുറിച്ച് ഹസീനയ്ക്ക് പൂർണ്ണ അറിവുണ്ടായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ ഹെലികോപ്റ്റർ ഉപയോഗിച്ച് ആക്രമണം നടത്താൻ ഹസീന നിർദ്ദേശം നൽകി.
ബംഗ്ലാദേശ് കോടതിയുടെ നിർണായക വിധിക്ക് തൊട്ടുമുമ്പ്, ഷെയ്ഖ് ഹസീന തന്റെ അനുയായികൾക്ക് ഓഡിയോ സന്ദേശം അയച്ചിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും വിധി താൻ കാര്യമാക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. “എനിക്കൊരു പ്രശ്നവുമില്ല. അള്ളാഹുവാണ് എനിക്ക് ജീവൻ തന്നത്, അവൻ തന്നെ അത് തിരികെയെടുക്കും. പക്ഷേ, എന്റെ രാജ്യത്തെ ജനങ്ങൾക്കായി ഞാൻ തുടർന്നും പ്രവർത്തിക്കുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ തന്റെ പാർട്ടിയായ അവാമി ലീഗിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു.



