ഗോൾഡ് കോസ്റ്റ്: അർദ്ധരാത്രി പിന്നിടുമ്പോൾ മലയാളികളെ വിളിച്ച് ഫോണിലൂടെ വധ ഭീഷണി മുഴക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തതിനെ തുടർന്ന് ഗോൾഡ് കോസ്റ്റിന് സമീപം ട്വീഡ് ഹെഡ്‌സിൽ താമസിക്കുന്ന രണ്ട് മലയാളികൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്ക് ശേഷം ഗോൾഡ് കോസ്റ്റിലും ലിസ്മോറിലും ഉള്ള നിരവധി ആളുകളെ ഫോണിൽ വിളിച്ച ഇരുവർ സംഘം ലിസ്മോറിൽ താമസിക്കുന്ന യുവാവിനെ തുടർച്ചയായി അസഭ്യ വർഷം നടത്തുകയായിരുന്നു. അതിനിടയിൽ തുടർച്ചയായി വധ ഭീഷണി മുഴക്കിയ സംഘത്തിന്റെ ഫോൺ കോളുകൾ പരാതിക്കാരൻ റിക്കോർഡ് ചെയ്തിരുന്നു.
പരാതിക്കാരനെതിരെ ചൊവ്വാഴ്ച വൈകുന്നേരം വീണ്ടും വധ ഭീഷണി മുഴക്കിയപ്പോൾ ഉടനടി പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതികളിൽ ഒരാളെ ഉടനടി ബന്ധപ്പെട്ട പോലീസ് അതി ശക്തമായ മുന്നറിയിപ്പ് അപ്പോൾ തന്നെ അയാൾക്ക് കൊടുത്തു. ഇപ്പോൾ ഇവരുടെ ഫോൺ കോളുകൾ ദ്വിഭാഷിയുടെ സഹായത്തോടെ പരിശോധിക്കുന്ന പോലീസ് ശക്തമായ തുടർ നടപടികളിലേക്ക് കടക്കുകയാണ്.
കൊച്ചിയിൽ സ്ഥിരതാമസമാക്കിയ ഒരാൾക്കെതിരെ ഇതേ രീതിയിൽ പരാമർശം നടത്തിയതിനെ തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും ഒരു പരാതി പോയിട്ടുണ്ട്.