2026-ൽ വിദേശ വിദ്യാർഥികളുടെ എണ്ണം 9 ശതമാനം വർധിപ്പിച്ച് 2,95,000 ആയി ഉയർത്താൻ തീരുമാനിച്ചുവെന്നു ഓസ്‌ട്രേലിയൻ വിദ്യാഭാസ മന്ത്രി ജേസൺ ക്ലെയർ തിങ്കളാഴ്ച്ച അറിയിച്ചു. നിലവിലുള്ള പരിധി 270,000 ആണ്. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള വിദ്യാർഥികൾക്കാവും മുൻഗണന എന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികൾ, സർവകലാശാലകൾ, രാജ്യത്തിന്റെ താൽപര്യങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്ന രീതിയിൽ രാജ്യാന്തര വിദ്യാഭ്യാസം വളരുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം എന്നും ജേസൺ ക്ലെയർ പറഞ്ഞു.
പുതിയ വിദ്യാർഥികളിൽ മൂന്നിൽ രണ്ട് ഭാഗം സീറ്റുകൾ സർവകലാശാലകൾക്കും, ബാക്കി തൊഴിലധിഷ്‌ഠിത പരിശീലന മേഖലകൾക്കും അനുവദിക്കും. വലിയ പൊതു സർവകലാശാലകൾക്ക് ഉയർന്ന ക്വാട്ട ലഭിക്കുന്നതിന് വിദ്യാർഥികൾക്കുള്ള താമസ സൗകര്യം ഉറപ്പാക്കുകയും തെക്കുകിഴക്കൻ ഏഷ്യൻ എൻറോൾമെൻ്റുകൾ വർധിപ്പിക്കുകയും വേണം. രാജ്യാന്തര വിദ്യാഭ്യാസ മേഖല ഓസ്ട്രേലിയൻ സമ്പദ്വ്യവസ്‌ഥയിലേക്ക് വലിയ സംഭാവന നൽകുന്നുണ്ട്. 2024-ൽ ഇത് 51 ബില്യൻ ഓസ്ട്രേലിയൻ ഡോളറിന് മുകളിൽ വരുമാനം നേടിയതായാണ് റിപ്പോർട്ട്.
നിലവിൽ ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമാണ് വിദ്യാർഥികൾ കൂടുതലായും ഓസ്ട്രേലിയയിൽ എത്തുന്നത്. എന്നാൽ ചൈനയെ സാമ്പത്തികമായി ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള വിദേശ നയത്തിന്റെ ഭാഗമായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ആകർഷിക്കാൻ ഓസ്ട്രേലിയ തന്ത്രപരമായി ശ്രമിക്കുകയാണ്. ഈ നീക്കത്തിൽ ഇന്ത്യക്ക് കൂടുതൽ പ്രയോജനം ലഭിക്കും.