കാൻബറ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യ പാസിഫിക് ഭദ്രാസനത്തിന്റെ ഒന്നാം വാർഷികവും മലങ്കര സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യുസ് കാതോലിക്കാബാവയുടെ ശ്ലൈഹിക സന്ദർശനവും നവംബർ 21 മുതൽ 24 വരെ സിഡ്നി റീജിയണിലും ഭദ്രാസനാസ്ഥാനമായ കാൻബറയിലും നടത്തപ്പെടും.
21-ന് ഓസ്ട്രേലിയയിൽ ഉള്ള രാഷ്ട്രീയ സാമുദായിക സഭാ നേതാക്കളുമായി പരിശുദ്ധ ബാവ തിരുമേനി കൂടികാഴ്ച നടത്തും. 22-ന് രാവിലെ 10 മണിക്ക് ഭദ്രാസന രൂപീകരണ വാർഷികവും വിവിധ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തപ്പെടും. 23-ന് സിഡ്നി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ കാതോലിക്ക ബാവ വിശുദ്ധ ബലിയർപ്പിക്കുകയും അതേ തുടർന്ന് അർമീനിയൻ ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.
24-ന് ഓസ്ട്രേലിയൻ പാർലമെന്റ് മന്ദിരത്തിൽ പരിശുദ്ധ കാതോലിക്കാബാവാക്ക് സ്വീകരണം ഒരുക്കും. ചടങ്ങിൽ പാർലമെന്റിലെ വിവിധ എംപിമാരും എംഎൽഎമാരും പങ്കുചേരും. യോഗത്തിൽ ന്യൂസിലാൻഡ് ഓസ്ട്രേലിയ സിംഗപ്പൂർ മലേഷ്യ എന്നീ വിവിധ ദേവാലയങ്ങളിലെ വൈദികരും പ്രതിനിധികളും സംബന്ധിക്കും.
പരിശുദ്ധ കാതോലിക്കാബാവായുടെ സ്വീകരണചടങ്ങിനും ഏഷ്യ പാസിഫിക് ഭദ്രാസനത്തിന്റെ രൂപീകരണ വാർഷിക സമ്മേളനങ്ങൾക്കും സഹായ മെത്രാപ്പോ ലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയെസ്കോറോസ് മെത്രാപ്പോലീത്തായും ഏഷ്യ പസഫിക് ഭദ്രാസന സെക്രട്ടറി തോമസ് വർഗീസ് കോർ എപ്പിസ്ക്കോ പ്പയും ഭദ്രസാന കൗൺസിലും നേതൃത്വം നൽകും.



