Thursday, October 16, 2025
Mantis Partners Sydney
Home » ഭിന്നശേഷി അധ്യാപക നിയമന വിഷയത്തിൽ എൻഎസ്എസിന് ലഭിച്ച വിധി ക്രൈസ്‌തവർക്കും ബാധകമാക്കണമെന്ന് കാതോലിക്ക ബാവ
കാതോലിക്ക ബാവ

ഭിന്നശേഷി അധ്യാപക നിയമന വിഷയത്തിൽ എൻഎസ്എസിന് ലഭിച്ച വിധി ക്രൈസ്‌തവർക്കും ബാധകമാക്കണമെന്ന് കാതോലിക്ക ബാവ

by Editor

കോട്ടയം: ഭിന്നശേഷി അധ്യാപക നിയമന വിഷയത്തിൽ എൻഎസ്എസിന് ലഭിച്ച വിധി ക്രൈസ്തവ സഭകൾക്കും ബാധകമാക്കി ഉത്തരവിറക്കണമെന്ന് ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. വിദ്യാഭ്യാസ മേഖലയിൽ ക്രൈസ്‌തവർ പാർശ്വവൽക്കരിക്കപ്പെടുന്നുണ്ടോ എന്ന ആശങ്ക സഭയ്ക്കുണ്ട്. എൻഎസ്എസിന് ലഭിച്ച ആനുകൂല്യം തങ്ങൾക്കും ലഭിക്കണം. അതുപോലെ ഒരു ഉത്തരവ് സർക്കാർ പുറത്തിറക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

പാലാ ബിഷപ്പ് ഹൗസിൽ കേരളത്തിലെ വിവിധ സഭകളുടെ എക്യുമെനിക്കൽ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. നീതി നിഷേധമുണ്ടെങ്കിൽ സഭ ഒന്നിച്ച് നിൽക്കും. ഭിന്നശേഷി നിയമനത്തിൽ സർക്കാർ നിലവിൽ കൈക്കൊണ്ട തീരുമാനം ആശ്വാസകരമല്ല. എൻഎസ്എസിന് ലഭിച്ചത് പോലെ ഒരു ഉത്തരവ് സർക്കാർ പുറത്തിറക്കണം.

സർക്കാരിന്റേത് ബോധപൂർവമായ കടന്നുകയറ്റമാണ്. നിയമ വ്യവഹാരം ഒഴിവാക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും സമരം തങ്ങളുടെ ഭാഗമല്ലെന്നും അദേഹം കൂട്ടിച്ചേർത്തു. കുറച്ചുകാലമായി ക്രൈസ്‌തവ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടാകുന്ന അസ്വസ്ഥതകൾ ഗൗരവമായി കാണുന്നുവെന്നും പള്ളുരുത്തി സ്‌കൂളിൽ ഉണ്ടായ വിഷയം ചൂണ്ടിക്കാട്ടിക്കൊണ്ട് അദേഹം പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ അടക്കം ക്രൈസ്‌തവ സഭ നേരിടുന്ന പ്രശ്‌നങ്ങൾ ഉൾപ്പെടെ യോഗം ചർച്ച ചെയ്തു.

Send your news and Advertisements

You may also like

error: Content is protected !!