Sunday, August 31, 2025
Mantis Partners Sydney
Home » പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബത്തെ അമിത് ഷാ സന്ദർശിച്ചു
പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബത്തെ അമിത് ഷാ സന്ദർശിച്ചു

പഹൽ​ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബത്തെ അമിത് ഷാ സന്ദർശിച്ചു

by Editor

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശിച്ചു. കൊച്ചിയിൽ ബിജെപി സംസ്ഥാന അവലോകന യോ ഗത്തിൽ പങ്കെടുത്ത ശേഷമാണ് അമിത് ഷാ രാമചന്ദ്രൻ്റെ വീട്ടിലെത്തിയത്. രാമചന്ദ്രൻ്റെ ഭാര്യ ഷീല, മകൾ ആരതി എന്നിവരുമായി ഏറെ നേരം അദ്ദേഹം സംസാരിച്ചു. ബിജെപി മുതിർന്ന നേതാക്കളോടൊപ്പമാണ് അമിത് ഷാ രാമചന്ദ്രൻ്റെ കുടുംബത്തെ കാണാനെത്തിയത്. ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. യോഗം ഉദ്ഘാടനം ചെയ്‌ത ശേഷം അമിത് ഷാ തിരുന്നൽവേലിയിലേക്ക് പോയി.

പ്രതിപക്ഷം ഉന്നയിച്ച വോട്ടു കൊള്ള ആരോപണം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളി. മനോരമ ന്യൂസ് കോൺക്ലേവ് 2025-ലാണ് അമിത് ഷായുടെ പ്രതികരണം. എസ്ഐആർ സംബന്ധിച്ച് പരാതികളുണ്ടെങ്കിൽ ഏതൊരു പൗരനോ രാഷ്ട്രീയ പാർട്ടിക്കോ റിട്ടേണിങ് ഓഫിസറെ സമീപിക്കാം. അതിൽ സംതൃപ്‌തിയില്ലെങ്കിൽ ജില്ലാ കലക്‌ടറെയും പിന്നീട് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ സമീപിക്കാം. എന്നാൽ കോൺഗ്രസ് പാർട്ടി ഇതുവരെ ഇത്തരത്തിൽ ഒരു പരാതി നൽകിയിട്ടില്ല. പരാതിപ്പെടാനുള്ള സംവിധാനങ്ങളുണ്ടായിട്ടും അതു ചെയ്യാതെ ജനങ്ങൾക്കിടയിൽ സംശയമുണ്ടാക്കുന്നത് എന്ത് രാഷ്ട്രീയമാണ് എന്ന് അമിത് ഷാ ചോദിച്ചു.

വികസനത്തിന് പണമനുവദിക്കാതെ കേന്ദ്രം ഞെരുക്കുന്നുവെന്ന ആരോപണത്തിനും അമിത് ഷാ മറുപടി പറഞ്ഞു. ദുരന്ത നിവാരണ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സംവാദത്തിന് ക്ഷണിച്ച അമിത് ഷാ ഇതുവരെ 1300 കോടിയോളം രൂപയാണ് കേരളത്തിന് അനുവദിച്ചത് എന്ന് പറഞ്ഞു. അത് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടു എന്നാണ് അമിത് ഷായുടെ ആരോപണം. മോദിയുടെ 11 വർഷത്തെ ഭരണം ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമാണ്. ഇന്ത്യ മുന്നോട്ട് കുതിക്കുമ്പോഴും 11 വർഷം മുമ്പ് എവിടെയായിരുന്നോ അവിടെ തന്നെയാണ് കേരളം ഇപ്പോഴും എന്നതിൽ ഖേദമുണ്ടെന്ന് അമിത് ഷാ പറഞ്ഞു. ഒരുപാട് സാധ്യതകളുള്ള കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം വലിയ സ്തംഭനാവസ്ഥയാണ് ഉണ്ടാക്കുന്നത്. വരും വർഷങ്ങളിൽ വോട്ടവകാശം വിനിയോഗിച്ച് കേരളത്തിലെ ജനങ്ങളും രാജ്യത്തിന്റെ വികസന യാത്രയിൽ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന തിരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ ജനങ്ങൾ യുഡിഎഫ്–എൽഡിഎഫ് എന്ന പതിവിൽ നിന്ന് പുറത്തു വരും. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി 25 ശതമാനം വോട്ട് നേടുമെന്നും അമിത് ഷാ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫ്– എൽഡിഎഫ് എന്ന സമവാക്യത്തിന് മാറ്റമുണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!