Friday, April 3, 2026
Home » ഇറാനിലെ ഏറ്റവും വലിയ പാലം തകർത്ത് അമേരിക്ക; കുവൈറ്റിലും സൗദി അറേബ്യയിലും വീണ്ടും ഇറാൻ്റെ ഡ്രോൺ ആക്രമണം.
ഇറാനിലെ ഏറ്റവും വലിയ പാലം തകർത്ത് അമേരിക്ക; കുവൈറ്റിലും സൗദി അറേബ്യയിലും വീണ്ടും ഇറാൻ്റെ ഡ്രോൺ ആക്രമണം.

ഇറാനിലെ ഏറ്റവും വലിയ പാലം തകർത്ത് അമേരിക്ക; കുവൈറ്റിലും സൗദി അറേബ്യയിലും വീണ്ടും ഇറാൻ്റെ ഡ്രോൺ ആക്രമണം.

by Editor
Send your news and Advertisements

ടെഹ്റാൻ: ഇറാനിലെ ഏറ്റവും വലിയ പാലം തകർത്ത് അമേരിക്ക. ടെഹ്റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന ഇറാനിലെ ഏറ്റവും പ്രസിദ്ധവും പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും ഉയരുമുള്ള പാലമായ ബി-1 ബ്രിഡ്ജ് ആണ് യുഎസ് സൈന്യം തകർത്തത്. ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം. സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടതായും 95 പേർക്ക് പരിക്കേറ്റതായും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘ഇറാനിലെ ഏറ്റവും വലിയ പാലം ഇടിഞ്ഞു വീഴുന്നു. അത് ഇനി ഒരിക്കലും ഉപയോഗിക്കാനാകില്ല’- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിൽ അവശേഷിക്കുന്നവയെ നശിപ്പിക്കാൻ തുടങ്ങിയിട്ടില്ലെന്നും പാലങ്ങൾ കഴിഞ്ഞാൽ വൈദ്യുത നിലയങ്ങളായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിലൂടെ തന്നെയാണ് പുതിയ മുന്നറിയിപ്പും വന്നിരിക്കുന്നത്.

അതിനിടെ അമേരിക്കയുടെ രണ്ടാമത്തെ എഫ് 35 യുദ്ധ വിമാനവും വെടിവെച്ചിട്ടതായി അവകാശപ്പെട്ട് ഇറാൻ രംഗത്ത് വന്നു. സംഭവത്തിൽ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് മധ്യ ഇറാനിലെ ആകാശത്ത് വെച്ച് എഫ് 35 യുദ്ധവിമാനം തകർത്തതായി ഐആർജിസി അറിയിച്ചു. ‘അതിക്രമിച്ചു കടന്ന യു.എസ് യുദ്ധ വിമാനം പൂർണമായും നശിപ്പിക്കപ്പെടുകയും തകർന്നു വീഴുകയും ചെയ്തു. പൈലറ്റിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടിരിക്കാനാണ് കൂടുതൽ സാധ്യത’ – ഐആർജിസി പ്രസ്താവനയിൽ വ്യക്തമാക്കി.
ഇറാനുമായുള്ള യുദ്ധത്തിനിടെ അമേരിക്കയുടെ എഫ് 35 വിമാനം വെടിവെച്ചിട്ടതായി നേരത്തെ ഐആർജിസി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇതിനോടും അന്ന് അമേരിക്ക പ്രതികരിച്ചിരുന്നില്ല.

ഇറാനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള യുദ്ധം 35-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും പശ്ചിമേഷ്യയിൽ ഇറാനും ആക്രമണം തുടരുകയാണ്. ഇന്നും കുവൈറ്റിലും സൗദി അറേബ്യയിലും ഇറാൻ്റെ ഡ്രോൺ ആക്രമണം ഉണ്ടായി. കുവൈറ്റ് നാഷണൽ ഓയിൽ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന മിന അൽ അഹമ്മദി എണ്ണ ശുദ്ധീകരണ ശാലയിലാണ് ഇന്ന് ഡ്രോൺ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതേ തുടർന്ന് സ്ഥലത്ത് തീപിടിത്തമുണ്ടായി. അഗ്നിരക്ഷാ സംഘങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കുകയാണ്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റില്ലെന്നാണ് റിപ്പോർട്ട്. കുവൈറ്റിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിൽ ഒന്നാണ് ഇത്. ഇവിടെ പ്രതിദിനം 7,30,000 ബാരൽ എണ്ണയാണ് ശുദ്ധീകരിക്കുന്നത്. രാജ്യത്തേക്ക് തൊടുത്തു വിടുന്ന മിസൈലുകളും ഡ്രോണുകളും തടയാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കുവൈറ്റ് സൈന്യം അറിയിച്ചു.

ഏഴ് ഡ്രോൺ ആക്രമണം ഉണ്ടായെന്ന് സൗദി അറേബ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണ ശ്രമങ്ങൾ എല്ലാം പ്രതിരോധിച്ചെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇറാഖിനും ജോർദാനും ഇടയിലുള്ള ട്രെബിൽ അതിർത്തി ക്രോസിങിൽ ഇന്ന് രാവിലെ ഒരു ഡ്രോൺ തകർന്നു വീണതായും റിപ്പോർട്ടുണ്ട്.

ഇറാനെതിരായ സൈനിക നടപടിയുടെ പ്രധാന ലക്ഷ്യങ്ങൾ പൂർത്തിയായി; നാവിക-വ്യോമസേനകളെ തകർത്തു: രാജ്യത്തെ അഭിസംബോധന ചെയ്ത് ട്രംപ്

You may also like

error: Content is protected !!