തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം സ്വദേശികളാണ് മരണമടഞ്ഞത്. ഇതോടെ അമിബിക് മസ്തിഷ്കജ്വരം ബാധിച്ച് ഈ വർഷം മരിച്ചവരുടെ എണ്ണം 19 ആയി. ഈ മാസം 11-ാം തീയതി നടന്ന മരണങ്ങളാണ് അമീബിക് മസ്തിഷ്ക ജ്വരം മൂലം ആണെന്ന് ഇപ്പോൾ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് വള്ളക്കടവ് സ്വദേശിയായ 52 കാരിയാണ് രോഗബാധയേറ്റ് മരിച്ചത്. കൊല്ലത്ത് 91 കാരനാണ് മരണപ്പെട്ടത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചവരുടെ കണക്കില്‍ കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് വ്യക്തത വരുത്തിയിരുന്നു. ഈ വര്‍ഷം ഇതുവരെ 66 പേര്‍ക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുവെന്നും 17 പേര്‍ മരിച്ചുവെന്നുമായിരുന്നു ആരോഗ്യ വകുപ്പിന്റെ സ്ഥിരീകരണം. അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച ആരോഗ്യവകുപ്പ് കണക്കുകള്‍ പൂഴ്ത്താന്‍ ശ്രമം നടത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ, കഴിഞ്ഞ ദിവസത്തെ കണക്ക് തിരുത്തി, വ്യക്തത വരുത്തുകയായിരുന്നു.