വാഷിങ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ കനത്ത തീരുവ ചുമത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനത്തെ വിമർശിച്ച് മുൻ യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ. ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തിയ നടപടി അമേരിക്കയ്ക്ക് തന്നെ തിരിച്ചടിയാകും. അധിക തീരുവ പ്രഖ്യാപനം അമേരിക്കയ്ക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നു മാത്രമല്ല ഏറ്റവും മോശം ഫലം നൽകുമെന്നും ജോൺ ബോൾട്ടൻ വ്യക്തമാക്കി.
ട്രംപിൻ്റെ അധിക തീരുവ തീരുമാനം ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതൽ അടുപ്പിക്കുമെന്നും അമേരിക്കയ്ക്ക് എതിരെ ഈ മൂന്ന് രാജ്യങ്ങളും ഒന്നിക്കുമെന്നും ജോൺ ബോൾട്ടൻ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. ഇന്ത്യയെ റഷ്യയിൽ നിന്നും ചൈനയിൽ നിന്നും അകറ്റാനുള്ള അമേരിക്കയുടെ പതിറ്റാണ്ടുകളായുള്ള ശ്രമത്തെ ട്രംപ് അപകടത്തിലാക്കി. ട്രംപിന് ചൈനയോട് മൃദു സമീപനമാണെന്നും ഒരേ സമയം ഇന്ത്യയ്ക്ക് തീരുവ ചുമത്തുകയും ചൈനയ്ക്ക് തീരുവ ചുമത്താതിരിക്കുകയും ചെയ്‌തത് ഇന്ത്യ മോശമായി പ്രതികരിക്കാൻ കാരണമായെന്നും അദേഹം പറഞ്ഞു.
ചൈനയുമായി കരാർ ഒപ്പിടാനുള്ള വ്യഗ്രത മൂലം ട്രംപ് അമേരിക്കയുടെ താൽപര്യങ്ങളെ ബലി കഴിക്കുകയാണ്. ഇതുവഴി റഷ്യയ്ക്ക് അവരുടെ അജൻഡ നടപ്പാക്കാനും യു.എസ് ചുമത്തിയ ഉയർന്ന തീരുവയെ ഉപയോഗപ്പെടുത്താനും സാധിക്കുമെന്നും ബോൾട്ടൻ ചൂണ്ടിക്കാട്ടി. 25 ശതമാനം തീരുവയായിരുന്നു ഇന്ത്യയ്ക്ക് മേൽ അമേരിക്ക ആദ്യം പ്രഖ്യാപിച്ചിരുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാൻ ഇന്ത്യ തയ്യാറാവാത്തതിനെ തുടർന്നാണ് 25 ശതമാനം കൂടി അധികമായി ചുമത്തിയത്. അമേരിക്കയുടെ ഈ തീരുവ പ്രഖ്യാപനത്തോട് ശക്തമായ ഭാഷയിലാണ് ഇന്ത്യ പ്രതികരിച്ചത്.
50 ശതമാനം താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയെ പിന്തുണച്ചും ഡോണൾഡ് ട്രംപിനെ വിമർശിച്ചും മുൻ അമേരിക്കൻ സെനറ്റ് ഡെപ്യൂട്ടി സെക്രട്ടറി കുർട് ക്യാംപെലും രംഗത്തെത്തി. ട്രംപിന്റെ നിലപാട് ഇന്ത്യ-യുഎസ് ബന്ധത്തെ പ്രതിസന്ധിയിലാക്കിയെന്നും മോദി ഒരിക്കലും ട്രംപിന് മുൻപിൽ മുട്ടുമടക്കരുതെന്നും കുർട് ക്യാംപെൽ പറഞ്ഞു. സിഎൻബിസിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ത്യക്ക് പിന്തുണയുമായി കുർട് ക്യാംപെൽ രംഗത്തുവന്നത്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട ബന്ധം ഇന്ത്യയുമായിട്ടുള്ളതായിരുന്നു. എന്നാൽ അവയെല്ലാം ഇപ്പോൾ പ്രതിസന്ധിയിലാണ്. ട്രംപ് ഇന്ത്യയെയും മോദിയെയും പറ്റി സംസാരിച്ച രീതി, അത് ഇന്ത്യൻ സർക്കാരിനെ ബുദ്ധിമുട്ടിലാക്കി’ എന്നാണ് ക്യാംപെൽ പറഞ്ഞത്. മോദി ഒരിക്കലും ട്രംപിന്റെ മുൻപിൽ മുട്ടുമടക്കരുത് എന്നും ക്യാംപെൽ കൂട്ടിച്ചേർത്തു.