വിവിധ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി പ്രിയ മറാഠേ (38) അന്തരിച്ചു. അർബുദമാണ് മരണകാരണം. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി പ്രിയ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് (ഞായറാഴ്ച ) പുലർച്ചെ നാലുമണിക്ക് മീരാ റോഡിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ‘പവിത്ര രിഷ്ത’ എന്ന പരമ്പരയിലെ വർഷ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ നടിയാണ് പ്രിയ മറാഠേ. നടൻ ശന്തനു മോഘെയാണ് ഭർത്താവ്.
2012 ഏപ്രിലിലാണ് പ്രിയയും ശന്തനുവും വിവാഹിതരായത്. ‘സ്വരാജ്യരക്ഷക് സംഭാജി’ എന്ന പരമ്പരയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ബഡേ അച്ചേ ലഗ്തേ ഹേ, തു തിഥേ മേ, സാത്ത് നിഭാന സാഥിയാ, ഉത്തരാൻ, ഭാരത് കാ വീർ പുത്ര – മഹാറാണാ പ്രതാപ്, സാവ്ധാൻ ഇന്ത്യ, ആത്താ ഹൗ ദേ ധിംഗാന എന്നിവയാണ് പ്രിയ അഭിനയിച്ച ശ്രദ്ധേയമായ പരമ്പരകൾ. ‘യാ സുഖാനോ യാ’ എന്ന പരമ്പരയിലൂടെയാണ് പ്രിയ ടെലിവിഷൻ രംഗത്തേക്ക് എത്തിയത്. തുടർന്ന് ‘ചാർ ദിവസ് സസുച്ചെ’ ഉൾപ്പെടെ നിരവധി മറാഠി സീരിയലുകളിൽ അഭിനയിച്ചു. വിദ്യാ ബാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ‘കസം സേ’ ആയിരുന്നു ആദ്യ ഹിന്ദി സീരിയൽ. ‘കോമഡി സർക്കസി’ലും അവർ ഭാഗമായിരുന്നു.