കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുളള ശിക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. പ്രതികൾക്ക് 20 വർഷം കഠിന തടവും അര ലക്ഷം രൂപ വീതം പിഴയും ആണ് വിധിച്ചത്. വിചാരണ തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗീസാണ് വിധി പ്രസ്‌താവിച്ചത്. രാജ്യത്തെയാകെ പിടിച്ചുകുലുക്കിയ സെൻസേഷനായ കേസാണിതെന്നും കോടതി സെൻസെഷൻ എന്ന നിലയ്ക്കല്ല വിധി പറയുന്നതെന്നും ജഡ്‌ജി വിധി പ്രസ്താവത്തിന് മുൻപായി പറഞ്ഞു. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കി
ഇത് സ്ത്രീയുടെ അന്തസിനെ ഹനിച്ച കേസായിരുന്നെന്നും അതിജീവിതയെ മാനസിക ആഘാതത്തിലേക്ക് തള്ളിയിട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എല്ലാ പ്രതികൾക്കും പ്രായം 40 വയസിനു താഴെയാണെന്നും കോടതി നിരീക്ഷിച്ചു. പിഴ കൂടാതെ പ്രതികൾ ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. പീഡന ദൃശ്യങ്ങൾ അടങ്ങിയ പെൻ ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമാണ്. ഇരയുടെ സുരക്ഷ മാനിച്ച് അത് സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു.
ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.
കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നു രാവിലെ കേസ് പരിഗണിച്ച കോടതി ശിക്ഷയിന്മേൽ രണ്ടു മണിക്കൂർ വാദം കേട്ടിരുന്നു. കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിലാക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യത ലംഘിച്ച് അപകീർത്തികരമായ ചിത്രമെടുക്കൽ, ലൈംഗികചൂഷണ ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ, തെളിവ് നശിപ്പിക്കാൻ ഗൂഢാലോചന, തൊണ്ടിമുതൽ ഒളിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.



