അബുദാബി: അബുദാബിയിലെ സിർ ബാനി യാസ് ദ്വീപിലെ പര്യവേക്ഷണ സ്ഥലത്ത് നിന്ന് പുരാതന കുരിശ് രൂപം കണ്ടെടുത്തു. അബുദാബിയിലെ അൽ ദഫ്ര മേഖലയുടെ തീരത്ത് സർ ബാനി യാസ് ദ്വീപിലെ പുരാതന ആശ്രമത്തിൽ നിന്ന് സ്റ്റക്കോ ഫലകത്തിൽ വാർത്തെടുത്ത ഒരു കുരിശ് കണ്ടെത്തിയതായി അബുദാബി സാംസ്‌കാരിക, വിനോദ സഞ്ചാര വകുപ്പാണ് വെളിപ്പെടുത്തിയത്. കണ്ടെത്തിയ കുരിശിന് 27 സെ.മീ നീളവും 17 സെ.മീ വീതിയും രണ്ട് സെ.മീ കനവും ഉണ്ട്. കഴിഞ്ഞ 30 വർഷത്തിനിടെ ദ്വീപിൽ നടന്ന ഏറ്റവും വലിയ ഖനനിത്തിനിടെയാണ് കുരിശ് കണ്ടെടുത്തിരിക്കുന്നത്.
“സർ ബാനി യാസ് ദ്വീപിൽ ഈ പുരാതന ക്രിസ്ത്യൻ കുരിശിന്റെ കണ്ടെത്തൽ യുഎഇയുടെ ആഴമേറിയതും നിലനിൽക്കുന്നതുമായ സഹവർത്തിത്വത്തിന്റെയും സാംസ്കാരിക തുറന്ന മനസ്സിന്റെയും ശക്തമായ തെളിവാണ്. ഇത് നമ്മിൽ അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും ആഴത്തിലുള്ള ഒരു വികാരം ഉണർത്തുകയും സമാധാനപരമായ സഹവർത്തിത്വം ഒരു ആധുനിക നിർമ്മിതിയല്ല, മറിച്ച് നമ്മുടെ പ്രദേശത്തിന്റെ ചരിത്രത്തിന്റെ ഘടനയിൽ തന്നെ ഇഴചേർന്ന ഒരു തത്വമാണെന്ന് നമ്മെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു,” എന്ന് അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു.
സിർ ബാനി യാസിൽ ഈ വർഷം ജനുവരിയിലാണ് പര്യവേക്ഷണ ക്യാമ്പയിൻ ആരംഭിച്ചത്. ഇറാഖിലും കുവൈറ്റിലും കണ്ടെടുക്കപ്പെട്ട കുരിശ് രൂപത്തിന് സമാനമാണ് ഇവിടെ നിന്ന് കണ്ടെടുത്തിരിക്കുന്നത്. പുരാതന ഇറാഖിലെ ചർച്ച് ഓഫ് ഈസ്റ്റുമായി ബന്ധപ്പെട്ടവരാണ് ഈ രൂപത്തിലെ കുരിശ് ഉപയോഗിച്ചിരുന്നത്. പുരോഹിതർ ആത്മീയ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നതാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
1992-ൽ യുഎഇ നേതൃത്വത്തിൻ്റെ നിർദേശ പ്രകാരം അബുദാബി ഐലൻഡ്‌സ് ആർക്കിയോളജിക്കൽ സർവേ (അഡിയാസ്) സിർ ബാനി യാസ് ദ്വീപിൽ നടത്തിയ ഖനനത്തിലാണ് എ.ഡി ഏഴാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലേതെന്ന് വിശ്വസിക്കപ്പെടുന്ന ക്രിസ്‌ത്യൻ ആശ്രമം ആദ്യമായി കണ്ടെത്തിയത്. അതിനു ശേഷം നടത്തിയ ഖനനങ്ങളിൽ ആശ്രമത്തോടൊപ്പം തന്നെ ഒരു പള്ളിയും ഒരു സന്യാസ സമുച്ചയവും കണ്ടെത്തി. ഈ ഭാഗത്താണ് പുരാവസ്‌തു ഗവേഷകർ ഇപ്പോൾ ഗവേഷണം നടത്തുകയും പര്യവേക്ഷണം ചെയ്യുകയും ചെയ്യുന്നത്. ഇവിടെ കണ്ടെത്തിയ പള്ളിയും ആശ്രമവും ഇപ്പോൾ ഷെൽട്ടറുകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്.
ആശ്രമത്തിനടുത്തുള്ള ഒരു കൂട്ടം പുരാതന വീടുകളെക്കുറിച്ച് പുരാവസ്തു ഗവേഷകർ ഇപ്പോൾ ഗവേഷണം നടത്തുകയും പര്യവേക്ഷണം നടത്തുകയും ചെയ്യുന്നു, അവിടെ ആദ്യകാല ക്രിസ്ത്യൻ സന്യാസിമാർ താമസിച്ചിരുന്നു എന്ന് കരുതുന്നു. ഉം അൽ ഖുവൈൻ, കുവൈറ്റ്, ഇറാൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സമാനമായ സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. എ.ഡി. നാലാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിൽ അറേബ്യൻ ഉപദ്വീപിലുടനീളം ക്രിസ്തുമതം വ്യാപിക്കുകയും എട്ടാം നൂറ്റാണ്ടുവരെയെങ്കിലും ക്രിസ്തുമത വിശ്വാസികൾ ഇവിടങ്ങളിൽ വസിച്ചിരുന്നു എന്നും സൂചിപ്പിക്കുന്നതാണ് ഈ കണ്ടെത്തലുകൾ.