ഇന്ത്യയുടെ ഭൂതകാല വസന്തപുലരികളിലെ തെളിച്ചം ഭാവിയിലേക്കുള്ള റാന്തൽ വിളക്കായി കർമ്മനിരതനായ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകമെങ്ങും സഞ്ചരിക്കുന്നു. അധികാര/സാമൂഹ്യ മേഖലകളിൽ നമ്മൾ ഇന്ന് കാണുന്നത് നാവുകൊണ്ടുള്ള അധികപ്രസംഗമാണ്. എണ്ണമറ്റ ആദർശങ്ങളും ആശീർവാദങ്ങളും വാഗ്ദാനങ്ങളും നാവുകൊണ്ട് കൊട്ടിഘോഷിക്കുന്നവരുടെ മധ്യത്തിൽ രാജ്യബോധത്തിന്റെ സാഗര ഗർജ്ജനമായി പതിറ്റാണ്ടുകളായി തളർന്നുറങ്ങിയ ഇന്ത്യയെ ലോകമെങ്ങും അർപ്പണബോധത്തോടെയുണർത്തി കർമ്മ മണ്ഡലത്തിലെത്തിക്കാൻ നടത്തിയ ചരിത്ര സംഭവമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി (ജൂലൈ 23-24, 2025) ലണ്ടനിൽ വെച്ച് നടന്ന വ്യാപാര കരാർ.
ലോക ജനതയിൽ നൂറ്റി അൻപതിലധികം ജനസംഖ്യയുള്ള ഇന്ത്യയ്‌ക്കൊപ്പം ലോക രാജ്യങ്ങൾ നിലകൊള്ളുന്നത് ഓരോ ഭാരതീയനും അഭിമാനമാണ്. ഇന്ത്യൻ വംശജനായ ഋഷി സുനക്ക് ബ്രിട്ടന്റെ പ്രധാന മന്ത്രിയായി രണ്ട് വർഷത്തോളം ഭരിച്ചു. ഇദ്ദേഹത്തിന്റെ ഭരണകാലം ഇന്ത്യക്കാർക്ക് പല പ്രതീക്ഷകളുണ്ടായിരുന്നു. ഇന്ത്യക്കാരന് സംതൃപ്തി നൽകുന്ന ഒന്നും സംഭവിച്ചില്ല. കുടിലവീക്ഷണമുള്ള, മനസ്സോ മനഃസാക്ഷിയോയില്ലാത്ത ഒരു പാക്കിസ്ഥാൻ മത മൗലിക വാദി ആ സ്ഥാനത്തു് വന്നാൽ ഇവിടെ ആഭ്യന്തര കലഹമോ, വംശീയ കലഹമോ നിർവചിക്കാൻ സാധിക്കില്ല. അതിന്റെ അന്ത്യമോ വെള്ളക്കാരന്റെ സാംസ്‌കാരികബോധമുണർന്ന് അത് തീഷ്ണജ്വാലകളായി വളർന്ന് ഏഷ്യക്കാരെ മാനസിക സംഘർഷങ്ങളിലെത്തിക്കും. സായിപ്പിന്റെ തോക്കിന് ഇരയാകുന്നതോ നിരപരാധികൾ. ഒറ്റ നോട്ടത്തിൽ പാക്കിസ്ഥാനി ഇന്ത്യക്കാരനെ തിരിച്ചറിയാൻ സാധിക്കില്ല.
സുനക്ക് ഒരു യഥാർത്ഥ ഈശ്വരഭക്തനായിരുന്നതിനാൽ വെള്ളക്കാർ ഉണർന്നില്ല. ബ്രിട്ടീഷ് പാർലമെന്റിൽ ഏതാനം ഇസ്ലാം എം.പി.മാർ, ലണ്ടൻ അടക്കമുള്ള ചില സിറ്റികളിൽ മേയർമാരുണ്ടെങ്കിലും ഇതര മതസ്ഥരുടെ പ്രാർത്ഥന ഒരിക്കലും ഒരു പാക്കിസ്ഥാൻ പ്രധാന മന്ത്രിയുണ്ടാകരുതെന്നാണ്. അഭയാർഥികളായി വിശന്നുവലഞ്ഞു് വന്നവർക്ക് ഭക്ഷണവും പാർപ്പിടവും എല്ലാം ആനുകൂല്യങ്ങളും നൽകിയതിന്റെ ശിക്ഷയാണ് ഇവരൊക്കെ ഇന്നനുഭ വിക്കുന്നത്. ഇവരുടെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയാൽ അത് എല്ലാം രാജ്യക്കാരെയും ബാധിക്കും. ബ്രിട്ടനടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് ഇസ്ലാമിക ഭീകരവാദികൾ ഒളിഞ്ഞും തെളിഞ്ഞും ഭീഷണിയായി മാറുന്നത് ഇതിലൊന്നും പങ്കില്ലാത്ത ഇസ്ലാം വിശ്വാസികളിൽ ഭയ ഭാരങ്ങൾ വളർത്തുന്നു. മതബോധനമില്ലാതെ മനുഷ്യ മാഹാത്മ്യത്തിൽ ജീവിക്കുന്ന ബ്രിട്ടനിൽ ഒരു കൂട്ടർക്ക് മതത്തിന്റെ മഹത്വമാണ് പ്രധാനം. ബ്രിട്ടനിലെത്തിയ പ്രധാനമന്ത്രി സ്വദേശ വിദേശത്തുള്ള ഓരോ ഭാരതിയനിലും ഉറങ്ങിക്കിടന്ന പൗരബോധത്തെ ഉണർത്തുന്നത് ഒരു ജനസേവകന്റെ ഹൃദയത്തെ തുറന്നു കാട്ടുന്നു.
ഈ അവസരമോർക്കുന്നത് ഇംഗ്ലണ്ടിൽ വന്ന് പഠിച്ചുപോയിട്ടുള്ള മഹാത്മാഗാന്ധിയുടെ അഹിംസാ സിദ്ധാന്തം, സ്വാതന്ത്ര്യസമരപോരാട്ടമൊഴിച്ചാൽ ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ, വി.കെ.കൃഷ്ണമേനോൻ, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി അങ്ങനെ പല പ്രമുഖരും അധികാര കേന്ദ്രങ്ങളിൽ വിരാജിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾ ഇവരൊക്കെ ഭാരതം ഭരിച്ചു മുടിച്ചോ അതോ വികസിച്ചോ? വെറും പത്തു് വർഷത്തിലധികം ഇന്ത്യ ഭരിക്കുന്ന ഇംഗ്ലണ്ടിൽ പഠിക്കാത്ത ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രിയുമായി താരതമ്യം ചെയ്യുമ്പോൾ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പലതും മുന്നിലുണ്ട്. കേരളത്തിന്റെ പ്രഥമ മുഖ്യ മന്ത്രി ഈ.എം.എസ്, നമ്പുതിരിപ്പാട് 1957-ൽ അധികാരത്തിൽ വന്നപ്പോൾ ചില സമരക്കാർ അദ്ദേഹത്തെ പരിഹസിച്ചത് ‘നാട് ഭരിക്കാനറിയില്ലെങ്കിൽ താടി വടിക്കു നമ്പൂതിരി‘ എന്നാണ്. ജനാധിപത്യ സംസ്‌കാരത്തെ വെല്ലുവിളിക്കുന്ന, നാട് ഭരിക്കാനറിയാത്തവരോട് ഇന്നും ചോദിക്കേണ്ട ചോദ്യമാണിത്. തണുത്തുറഞ്ഞ മനസ്സുമായി മത രാഷ്ട്രീയ വില്പനശാലയിൽ, ജാതിക്കൂടുകളിൽ വില്പനചരക്കായി ജീവിക്കുന്നവർക്ക് ഇത് ചോദിക്കാനുള്ള ധൈര്യമുണ്ടോ?
ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി അലങ്കരിക്കുന്ന നരേന്ദ്ര മോദി രണ്ടാം സ്ഥാനം അലങ്കരിച്ചിരുന്ന ഇന്ദിരാഗാന്ധിയെ പിന്തള്ളിയാണ് ആ സ്ഥാനത്തു എത്തിയിരിക്കുന്നത്. മാത്രവുമല്ല ഇതിനകം പല ലോകരാജ്യങ്ങളിൽ നിന്ന് വിലപ്പെട്ട പല ബഹുമതികളും മറ്റ് പ്രധാനമന്ത്രിമാരേക്കാൾ നരേന്ദ്ര മോദി വാങ്ങി കഴിഞ്ഞു. കഴിഞ്ഞ അഞ്ചു് വർഷത്തിനിടയിൽ വിദേശ സന്ദർശന ചിലവ് 362 കോടി രൂപ അദ്ദേഹം ഖജനാവിൽ നിന്ന് ചിലവഴിച്ചത് രാജ്യത്തിന്റെ വികസന പദ്ധതികൾക്ക് വേണ്ടിയാണ്. ഈ യാത്രകളിൽ അധികാര ദുർവിനിയോഗമോ അഴിമതിയോ നടത്തിയതായി ആർക്കും പരാതിയില്ല. അധികാരത്തിലിരിക്കുന്ന പല പുണ്യവാളന്മാരും വികസനം, പഠനം തുടങ്ങി പല പേരുകളിൽ പാവങ്ങളുടെ നികുതിപ്പണമെടുത്തു് വിദേശ യാത്ര (ഉല്ലാസ യാത്ര പരിവാരങ്ങളുമായി) നടത്തുന്നത് സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാനല്ലാതെ എന്തിനാണ്? ഇവരുടെ അധികാരദുർവിനിയോഗ ത്തെപ്പറ്റിയോ ആഡംബര ജീവിതത്തെപ്പറ്റിയോ പ്രതിപക്ഷംപോലും ശബ്ദിക്കില്ല. അധികാരം കിട്ടിയാൽ ഇവരും പോകുമെല്ലോ. ‘ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽത്തന്നെ‘ ഇതാണ് കേരളത്തിലെ സാധാരണക്കാർ, ആദിവാസി, പാവങ്ങളുടെ അവസ്ഥ. നമ്മുടെ നാട്ടിൽ നിന്ന് വിദേശ യാത്ര നടത്തിയിട്ടുള്ള ഏതെങ്കിലും മന്ത്രിമാർ പ്രധാന മന്ത്രിയെപോലെ കേരളത്തിൽ എന്തെങ്കിലും വികസനം കൊണ്ടുവന്നിട്ടുണ്ടോ? എന്തിനാണ് ഇങ്ങനെ പാവങ്ങളുടെ പണം ധൂർത്തടിക്കുന്നത്?
പ്രധാനമന്ത്രിയുടെ ഇംഗ്ലണ്ട് സന്ദർശനത്തിൽ രണ്ട് കൂട്ടർക്കും നല്ല നേട്ടങ്ങളുണ്ട്. യൂറോപ്യൻ യൂണിയനിൽ നിന്ന് 2020-ൽ ബ്രിട്ടൻ പിന്മാറിയതിന് ശേഷം നടന്ന വലിയ വ്യാപാര കരാറാണ്. അത് എല്ലാം രംഗത്തും മികച്ച നേട്ടം കൈവരിച്ചിട്ടുള്ള ബ്രിട്ടനെപോലുള്ള ഒരു വികസിത രാജ്യവുമായി വ്യാപാര കരാറിൽ ഒപ്പിടുക എന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പുരോഗതിയിലേക്ക് നയിക്കുമെന്നുള്ളതാണ്. കോമ്പ്രെഹെൻ സീവ് എക്കണോമിക് ആൻഡ് ട്രേഡ് എഗ്രിമെന്റ് എന്നാണ് ഇതറിയപ്പെടുന്നത്. 2024-25 ബ്രിട്ടനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 12.6% മെങ്കിൽ ഇന്നത് 14.5 ബില്യൺ ഡോളറാണ്. ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന പല ഉൽപ്പന്നങ്ങൾക്ക് 99% തീരുവ ഒഴുവാക്കും. ബ്രിട്ടനിൽ നിന്ന് കയറ്റുമതി ചെയ്യുന്ന വിമാന, മെഡിക്കൽ, കാർ, ശീതളപാനീയങ്ങൾ, ചോക്ലേറ്റ്, സാൽമൺ മത്സ്യം, സൗന്ദര്യ ഉല്പന്നങ്ങൾക്ക് 15% നിന്ന് 3%, ഇലക്ട്രിക്ക് വാഹങ്ങൾക്ക് 110% നിന്ന് 10%, ബ്രിട്ടീഷ് വിസ്‌ക്കിക്ക് 150% 75%, അടുത്ത പത്തു് വർഷ ത്തിനുള്ളിൽ 40% കുറയും. തുണിത്തരങ്ങൾ, ഷു തുടങ്ങിയവയും ഇതിൽ വരും. കേരളമടക്കമുള്ള തീരദേശ സംസ്ഥാന മത്സ്യങ്ങൾക്ക് 4.2 മുതൽ 8.5% തീരുവ ഉണ്ടായിരുന്നെങ്കിൽ ഇനിയും തീരുവയില്ലാതെ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യാം. ഭക്ഷ്യവസ്തുക്കളായ മഞ്ഞൾ, ഏലക്ക, കുരുമുളക് സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളായ മാങ്ങ, അച്ചാർ, പൾപ്പ്, ധാന്യങ്ങൾക്കും കയറ്റുമതി ചെയ്യാം. വിസ ഇളവുകൾ- തൊഴിൽ- വിദ്യാഭ്യാസം- വ്യവസായ-കാർഷിക രംഗത്തുള്ളവർക്കും ഏറെ ഗുണം ചെയ്യുന്ന കരാറാണ്.
മനുഷ്യനന്മയിലൂന്നിയ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ, സ്വപ്നങ്ങൾ നൽകുന്ന പ്രധാനമന്ത്രി, മന്ത്രി, സാമൂഹ്യ പരിഷ്‌കർത്താക്കൾ, ശാസ്ത്രജ്ഞർ, കലാസാഹിത്യ പ്രതിഭകളെ ജാതി മത രാഷ്ട്രീയ മുഴക്കോൽ കൊണ്ട് അളക്കരുത്. തൂക്കി വിൽക്കരുത്.
കാരൂർ സോമൻ, ലണ്ടൻ
www.karoorsoman.net