കാബൂൾ: തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്ന് 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 250 -ലേറെ മരണം. അഫ്ഗാനിസ്ഥാനിലെ ബസാവുൾ ആണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂമിയ്ക്കടിയിൽ 10 കി.മീ. ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് ജർമൻ റിസർച് ഫോർ ജിയോസയൻസസ് (ജിഎഫ്സെഡ്) അറിയിച്ചു. ബസാവുലിൻ്റെ വടക്ക് 36 കി.മീ. മാറിയാണ് പ്രഭവകേന്ദ്രം. ഞായറാഴ്‌ച പ്രാദേശിക സമയം രാത്രി 11.47നായിരുന്നു (ഇന്ത്യൻ സമയം തിങ്കളാഴ്‌ച പുലർച്ചെ 12.47 ന്) ഭൂകമ്പം ഉണ്ടായത്. തലസ്‌ഥാനമായ കാബൂൾ മുതൽ 370 കി.മീ. അകലത്തിലുള്ള പാക്കിസ്‌ഥാൻ്റെ തലസ്‌ഥാനമായ ഇസ്ലാമാബാദ് വരെ സെക്കൻഡുകളോളം കുലുങ്ങി.
ആദ്യത്തെ ഭൂകമ്പത്തിനുശേഷം 4.7, 4.3, 5.0 തീവ്രത രേഖപ്പെടുത്തിയ ഒന്നിലധികം തുടർചലനങ്ങൾ ഈ മേഖലയിൽ അനുഭവപ്പെട്ടതായും ഇത് നിവാസികളിൽ ഭയം വർദ്ധിപ്പിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതിഭീകര ഭൂകമ്പങ്ങൾക്ക് സാധ്യതയേറിയ മേഖലയാണ് അഫ്ഗാനിസ്ഥാൻ. പ്രത്യേകിച്ച്, ഇന്ത്യൻ – യുറേഷ്യൻ ടെക്ടോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന ഹിന്ദുക്കുഷ് പർവതമേഖലകളിൽ. 2023 ഒക്ടോബർ ഏഴിന് അഫ്ഗാനിലുണ്ടായ ഭൂകമ്പത്തിൽ 4000-ൽ അധികംപേർ മരിച്ചുവെന്നാണ് താലിബാൻ ഭരണകൂടം അറിയിച്ചിരുന്നത്.



