ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗംഗാ എക്സ്പ്രസ് വേയുടെ 3.5 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പിൽ ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക യുദ്ധവിമാനങ്ങളുടെ അഭ്യാസപ്രകടനം. റഫാല്‍, സുഖോയ്-30 എംകെഐ, മിറാഷ്-2000, മിഗ്-29, ജാഗ്വാര്‍, സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്, എഎന്‍-32 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റ്, എംഐ-17 വി5 ഹെലികോപ്റ്ററുകള്‍ തുടങ്ങിയവയാണ് ഈ അഭ്യാസത്തില്‍ പങ്കെടുത്തത്. യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ബദൽ റൺവേയായി പ്രവർത്തിക്കാനുള്ള എക്സ്പ്രസ് വേയുടെ കഴിവ് പരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യുദ്ധവിമാനങ്ങളും ഗതാഗത വിമാനങ്ങളും ഉൾപ്പെടുന്ന ഈ ഹൈ പ്രൊഫൈൽ അഭ്യാസം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം വഷളായിരിക്കേയാണ് ഇത് എന്നത് ശ്രദ്ധേയമാണ്.
ഗംഗ എക്‌സ്പ്രസ് വേയുടെ 3.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗം, യുദ്ധവിമാനങ്ങള്‍ക്ക് രാവും പകലും പറന്നിറങ്ങാന്‍ പര്യാപ്തമാണ്. പ്രദേശവാസികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധിപേരാണ് വ്യോമസേനയുടെ പരീക്ഷണപ്പറക്കലുകളും അഭ്യാസങ്ങളും കാണാനെത്തിയത്. ഗംഗാ എക്സ്പ്രസ് വേയിലെ ഈ അഭ്യാസപ്രകടനം ഇന്ത്യൻ വ്യോമസേനയുടെ കാര്യക്ഷമതയും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള സന്നദ്ധതയും വ്യക്തമാക്കുന്നതാണ്.
300 കിലോമീറ്റർ ദൂരപരിധിയുള്ള ഗ്രൗണ്ട് അറ്റാക്ക് മിസൈലുകളുള്ള റഫാൽ പോർവിമാനങ്ങളും, നിശബ്ദമായി ഏത് ഭൂപ്രദേശത്തും പറന്നിറങ്ങാൻ ശേഷിയുള്ള പ്രെഡേറ്റർ ഡ്രോണുകളും അതിശക്തമായ കരസേനയുമൊക്കെയാണ് ഇന്ത്യൻ സൈന്യത്തിന്റെ ശക്തി. അതിർത്തി കടക്കാതെ തന്നെ ശത്രുക്കൾക്ക് തിരിച്ചടി നൽകാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ട്. ഇന്ത്യക്ക് 513 പോർവിമാനങ്ങൾ ഉൾപ്പെടെ 2,229 വിമാനങ്ങളുണ്ട്. 293 യുദ്ധക്കപ്പലുകളുമായി ഇന്ത്യൻ നാവികസേന അതിശക്തമാണ്. 30-ൽ അധികം വിമാനങ്ങളും ഹെലികോപ്റ്ററുകളും വഹിക്കാൻ ശേഷിയുള്ള ഐഎൻഎസ് വിക്രമാദിത്യ, ഐഎൻഎസ് വിക്രാന്ത് എന്നീ രണ്ട് വിമാനവാഹിനിക്കപ്പലുകൾ ഇന്ത്യയുടെ അഭിമാനമാണ്. 18 അന്തർവാഹിനികളും ഇന്ത്യയ്ക്കുണ്ട്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ (ICBMs), അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കുന്ന മിസൈലുകൾ (SLBMs), വായുവിൽ നിന്ന് വിക്ഷേപിക്കുന്ന ക്രൂയിസ് മിസൈലുകൾ എന്നിവയുൾപ്പെടെ ഏകദേശം 160 വാർഹെഡുകളുടെ ഒരു ആണവ ശേഖരം ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയുടെ സൈനിക ശക്തി കര, വ്യോമ, നാവിക മേഖലകളിൽ മാത്രമല്ല, ആണവ, സൈബർ, ബഹിരാകാശ മേഖലകളിലും അതിശക്തമാണ്. ആധുനികവൽക്കരണത്തിനൊപ്പം മികച്ച തദ്ദേശീയ സാങ്കേതികവിദ്യയുടെ വളർച്ചയും ഇന്ത്യയെ മറ്റേതൊരു രാജ്യവും വെല്ലുവിളിക്കാൻ മടിക്കുന്ന ഒരു സൈനിക ശക്തിയാക്കി മാറ്റുന്നു.
പഹൽഗാം ഭീകരാക്രമണം: പാക്കിസ്ഥാന്റെ പങ്ക് സ്ഥിരീകരിച്ച് എൻഐഎ റിപ്പോർട്ട്.