ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ ബന്ധം വ്യക്തമായതായി എന്‍ഐഎ. ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐ (ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ്)-ക്കും ഭീകരവാദ ഗ്രൂപ്പായ ലഷ്‌കര്‍ ഇ തൊയ്ബയ്ക്കും ബന്ധമുണ്ടെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ അറിയിക്കുന്നത്. പാക്കിസ്ഥാൻ സൈന്യത്തിന്റെയും ഐഎസ്ഐയുടെയും പിന്തുണയുടെയും നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ലഷ്തറെ തയിബ പഹൽഗാം ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്നാണ് എൻഐഎയുടെ റിപ്പോർട്ടിലുള്ളത്. പ്രധാന പ്രതികളെന്ന് സംശയിക്കുന്ന സുലേമാൻ എന്നറിയപ്പെടുന്ന ഹാഷ്മി മൂസ, അലി ഭായ് എന്നറിയപ്പെടുന്ന തൽഹ ഭായ് എന്നിവർ പാക്കിസ്ഥാൻ പൗരന്മാരാണെന്നും അതിർത്തിക്കപ്പുറമുള്ള സഹായികളുമായി നിരന്തരം ആശയവിനിമയം പുലർത്തിയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
ആക്രമണം നടത്താൻ ഭീകരർക്ക് സഹായങ്ങൾ ചെയ്തു നൽകുന്ന പ്രദേശവാസികളായ 20 കശ്മീർ സ്വദേശികളെയും എൻഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ നിലവിൽ ചോദ്യം ചെയ്തു വരികയാണെന്നും എൻഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീകരര്‍ സാറ്റ്‌ലൈറ്റ് ഫോണ്‍ ഉപയോഗിച്ചതിനും തെളിവ് ലഭിച്ചിട്ടുണ്ട്. മൂന്ന് സാറ്റ്‌ലൈറ്റ് ഫോണെങ്കിലും ആക്രമണ സമയത്ത് ഉപയോഗിച്ചുവെന്നും സാറ്റ്‌ലൈറ്റ് ഫോണുകളുടെ സിഗ്‌നല്‍ ലഭിച്ചെന്നും എന്‍ഐഎ പറഞ്ഞു. സംഭവത്തില്‍ 2800 പേരെ ഇതുവരെ എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്. കുപ് വാര, പുല്‍വാമ, സോപോര്‍, അനന്തനാഗ്, ബാരമുള്ള എന്നിവിടങ്ങളില്‍ എന്‍ഐഎയുടെ റെയ്ഡുകള്‍ തുടരുകയാണ്. എന്‍.ഐ.എ മേധാവി പഹല്‍ഗാമില്‍ തുടരുകയാണ്.
അതേസമയം പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി പത്താംദിവസവും തെക്കന്‍ കശ്മീര്‍ കേന്ദ്രീകരിച്ച് തിരച്ചിൽ തുടരുകയാണ്. സൈന്യം, രാഷ്ട്രീയ റൈഫിള്‍സ് ജവാന്‍മാര്‍, പാരാ കമാന്‍ഡോകള്‍ എന്നിവരടങ്ങുന്ന വന്‍ സംഘമാണ് ഭീകരരെ തിരയുന്നത്.