ഈ ശനിയാഴ്ച നടക്കുന്ന ഓസ്ട്രേലിയൻ ഫെഡറൽ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കാരനായ പ്രധാനമന്ത്രി അന്റോണി ആൽബനീസിന് എതിരെ സിഡ്‌നിക്കടുത്ത ഗ്രെയ്‌ൻഡ്‌ലർ മണ്ഡലത്തിൽ മത്സരിക്കുന്നവരിൽ ഗ്രീൻസ് പാർട്ടി സ്ഥാനാർഥി ഹന്ന തോമസും. അയിരൂരിലും കുമ്പനാട്ടും വേരുകളുള്ള മലേഷ്യൻ മുൻ അറ്റോണി ജനറൽ ടോമി തോമസിൻ്റെ മകളാണ് ഹന്ന.
നിയമരംഗത്തും മനുഷ്യാവകാശ-പരിസ്ഥിതി രംഗത്തും പ്രവർത്തിക്കുന്ന ഹന്ന 2009 -ലാണ് മലേഷ്യയിൽ നിന്ന് വിദ്യാർഥി വീസയിൽ ഓസ്ട്രേലിയയിൽ എത്തുന്നത്. ഗ്രെയ്‌ലൻഡറിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് 29 വയസ്സുള്ള ഹന്ന.
1996 മുതൽ ഇവിടുത്തെ ജനപ്രതിനിധിയായ 62 വയസ്സുള്ള ആൽബനീസിന് എതിരെ മത്സരിക്കുന്നതിൽ വലിയ കാര്യമൊന്നും ഇല്ലെങ്കിലും ചെറുപ്പക്കാരുടെ പ്രതിനിധിയായി നിലകൊണ്ട് മുതിർന്ന നേതാവിനെതിരെ നടത്തുന്ന ആശയപ്പോരാട്ടം എന്നാണ് സ്ഥാനാർഥിത്വത്തെ ഹന്ന വിശേഷിപ്പിക്കുന്നത്.