കാശ്മീർ: പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ അടുത്ത നീക്കവുമായി ഇന്ത്യ. മുന്നറിയിപ്പില്ലാതെ ഉറി ഡാം തുറന്നു വിട്ടു. ഇതോടെ ഝലം നദിയിൽ വെള്ളപ്പൊക്കമുണ്ടായി. പാക്കിസ്ഥാൻ അധീന കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ ഇതോടെ വെള്ളം കയറി. നദീ തീരത്തുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനു പിന്നാലെയുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പലയിടത്തും വ്യാപക കൃഷിനാശം ഉണ്ടാവുകയും കന്നുകാലികളടക്കം ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്.
സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രധാന നടപടിയാണിത്. പാക്കിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ ഇന്ത്യ കനത്ത തിരിച്ചടി തുടരുന്നതിനിടെയാണ് ഉറി ഡാം തുറന്നുവിട്ടുള്ള നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്.
ഇതിനിടെ, നിയന്ത്രണ രേഖയിൽ പാക് പ്രകോപനം തുടരുകയാണ്. റാംപുർ, തുട് മാരി സെക്ടറുകൾക്ക് സമീപം വെടിവെയ്പ് നടന്നതായി ഇന്ത്യൻ സൈന്യം അറിയിച്ചു. പാക് പ്രകോപനത്തിന് പിന്നാലെ ശക്തമായി തിരിച്ചടിച്ചെന്നും സൈന്യം അറിയിച്ചു. പാക്കിസ്ഥാൻ പ്രകോപനം തുടർന്നാൽ വെടിനിറുത്തൽ കരാറിൽ നിന്ന് പിൻവാങ്ങുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. നിയന്ത്രണ രേഖയിൽ ഏത് സാഹചര്യം നേരിടാനും തയ്യാറെന്നാണ് സേന വൃത്തങ്ങള്‍ അറിയിക്കുന്നത്.