Monday, September 1, 2025
Mantis Partners Sydney
Home » ‘ഓപ്പറേഷന്‍ ആക്രമണ്‍’ വ്യോമാഭ്യാസവുമായി ഇന്ത്യ; പാക്കിസ്ഥാൻ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാൻ ശ്രമം.
'ഓപ്പറേഷന്‍ ആക്രമണ്‍' വ്യോമാഭ്യാസവുമായി ഇന്ത്യ; പാക്കിസ്ഥാൻ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാൻ ശ്രമം.

‘ഓപ്പറേഷന്‍ ആക്രമണ്‍’ വ്യോമാഭ്യാസവുമായി ഇന്ത്യ; പാക്കിസ്ഥാൻ തടഞ്ഞുവെച്ച ജവാനെ മോചിപ്പിക്കാൻ ശ്രമം.

by Editor

ന്യൂ ഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ ‘ഓപ്പറേഷന്‍ ആക്രമണ്‍’ പേരിൽ വ്യോമാഭ്യാസവുമായി ഇന്ത്യൻ വ്യോമസേന. വ്യോമാഭ്യാസത്തില്‍ റഫാല്‍ യുദ്ധവിമാനങ്ങളും സുഖോയ്-30 യുദ്ധവിമാനങ്ങളുമാണ് പങ്കെടുക്കുന്നത്. അംബാല, ഹഷിമാര എയര്‍ ബേസുകളില്‍ നിന്നാണ് റഫാല്‍ യുദ്ധവിമാനങ്ങളെത്തിയത്. വ്യോമാഭ്യാസത്തില്‍ സേന സങ്കീര്‍ണമായ സാഹചര്യങ്ങളില്‍ നടത്തുന്ന കരയാക്രമണം, ഇലക്ട്രോണിക് വാര്‍ഫെയര്‍ തുടങ്ങിയവയിലെ ശേഷികള്‍ പരിശോധിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. മെറ്റിയോര്‍, റാംപേജ് ആന്‍ഡ് റോക്‌സ് മിസൈലുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളും വ്യോമാഭ്യാസത്തിലുള്‍പ്പെട്ടിട്ടുണ്ട്. റഫേല്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്ന മിസൈലുകളാണ് ഇവ.

അതേസമയം ഇന്ത്യൻ നാവികസേന യുദ്ധ കപ്പലായ ഐഎൻഎസ് സൂറത്തിൽ നിന്ന് മിസൈൽ പരിശീലനവും വിജയകരമായി പൂർത്തിയാക്കി. 2019-ല്‍ പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുചെന്ന് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ബോംബിട്ട് തകര്‍ത്തിരുന്നു. മിറാഷ്-2000 യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് അന്ന് വ്യോമസേന ആക്രമണം നടത്തിയത്. അതിനു ശേഷം ആണ് ഇന്ത്യ റഫാല്‍ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്. റഫാലിന് നിലവില്‍ പാക് വ്യോമസേനയ്ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശേഷി ഇന്ത്യന്‍ വ്യോമസേനയ്ക്ക് നല്‍കുമെന്നാണ് വിലയിരുത്തുന്നത്.

ഇതിനിടെ പഞ്ചാബിൽ അതിർത്തി കടന്നതിന്‍റെ പേരിൽ പാക്കിസ്ഥാൻ തടഞ്ഞുവെച്ച ബിഎസ് എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പാക്കിസ്ഥാന്‍റെ ഭാഗത്തെ അതിർത്തിയിൽ മുള്ളുവേലി ഇല്ലാത്തതുകൊണ്ടാണ് ജവാൻ അബദ്ധത്തിൽ ഇത് കടന്നതെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള രണ്ട് രാജ്യങ്ങളുടേതും അല്ലാത്ത സ്ഥലത്ത് കൃഷിക്ക് ഇരു രാജ്യങ്ങളുടെയും കർഷകർക്ക് അനുവാദം നൽകാറുണ്ട്. കർഷകരെ സഹായിക്കാൻ പോയ പി കെ സിംഗ് എന്ന ബിഎസ് എഫ് ജവാനെയാണ് പാക് റെയിഞ്ചർമാർ കസ്റ്റഡിയിൽ എടുത്തത്. കർഷകർ കൃഷിചെയ്യുകയായിരുന്ന സ്ഥലത്തു നിന്ന് കുറച്ചുകൂടി മുന്നോട്ട പോയി തണലത്ത് വിശ്രമിക്കുമ്പോഴാണ് ജവാനെ പാക് റെയ്ഞ്ചർമാർ തടഞ്ഞുവെച്ചത്. കസ്റ്റഡയിലെടുത്ത ജവാന്‍റെ ചിത്രങ്ങൾ അടക്കം പുറത്തുവിട്ട പാക്കിസ്ഥാൻ ഇതാഘോഷിച്ചത് ഇന്ത്യയുടെ കടുത്ത അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ജവാനെ മോചിപ്പിക്കാനായി ഫ്ലാഗ് മീറ്റിങ്ങ് ചേരാനുള്ള നിർദേശം ഇന്ത്യ മുന്നോട്ടു വെച്ചു. പാക്കിസ്ഥാൻ ഇതിന് തയാറായില്ലെങ്കിൽ ഇന്ത്യ കടുത്ത നിലപാടിലേക്ക് നീങ്ങും.

ബിഎസ്എഫ് ജവാൻ പാക്കിസ്ഥാൻ കസ്റ്റഡിയിൽ.

Send your news and Advertisements

You may also like

error: Content is protected !!