Saturday, April 5, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » അർധരാത്രി വരെ നീണ്ട ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം വഖഫ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി
വഖഫ് ഭേദഗതി ബിൽ

അർധരാത്രി വരെ നീണ്ട ചർച്ചകൾക്കും വോട്ടെടുപ്പിനും ശേഷം വഖഫ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

by Editor
Mind Solutions

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനിടെ, വഖഫ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. 14 മണിക്കൂറോളം നീണ്ട മാരത്തൺ ചർച്ചയ്ക്കും വോട്ടെടുപ്പിനുമൊടുവിൽ വഖഫ് ഭേദഗതി ബിൽ ഇന്നു പുലർച്ചെ 1.56-നാണ് ലോക്‌സഭ പാസ്സാക്കിയത്. വോട്ടെടുപ്പില്‍ ബില്ലിനെ 288 പേര്‍ അനുകൂലിച്ചു. 232 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. സഭയിൽ ഹാജരായി വോട്ട് ചെയ്യുന്നവരുടെ 50 ശതമാനത്തിനു മുകളിൽ വോട്ട് ലഭിച്ചാൽ ബിൽ പാസാകും. അതായത് 520 പേരിൽ 261 പേരുടെ ഭൂരിപക്ഷം മതി.  ഓരോ ഭേദഗതിയിന്‍മേലുള്ള വോട്ടെടുപ്പാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. പ്രതിപക്ഷ നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് തള്ളി. എന്‍ കെ പ്രേമചന്ദ്രന്‍, കെ സുധാകരന്‍, കെസി വേണുഗോപാല്‍, ഇടി മുഹമ്മദ് ബഷീര്‍, കെ.രാധാകൃഷ്ണന്‍ എന്നിവരുടെതുള്‍പ്പടെയുള്ള പ്രതിപക്ഷ ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി.

കേരളത്തിൽ നിന്ന് സുരേഷ് ഗോപി ഒഴികെ ബാക്കി 18 അംഗങ്ങൾ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തതായാണ് വിവരം. പ്രിയങ്ക ഗാന്ധി സഭയിലുണ്ടായിരുന്നില്ല. 8 മണിക്കൂറാണ് ചർച്ച നിശ്ചയിച്ചിരുന്നത്. എന്നാൽ ഉച്ചയ്ക്ക് 12.06-ന് ആരംഭിച്ച ചർച്ച പുലർച്ചെ 1.56 വരെ നീണ്ടു. ബിൽ ഇന്നു രാജ്യസഭയിലും അവതരിപ്പിക്കും. രാജ്യസഭ കൂടി കടന്നാൽ ബിൽ നിയമമാകും.

വഖഫ് ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു മറുപടി പറഞ്ഞു. വഖഫ് ബൈ യൂസര്‍ വ്യവസ്ഥ ഒഴിവാക്കിയതിനെ മന്ത്രി ന്യായീകരിച്ചു. രേഖയില്ലാതെ ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശം എങ്ങനെ സ്ഥാപിക്കാനാവും എന്ന് കിരണ്‍ റിജിജു ചോദിച്ചു. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകള്‍ ട്രൈബ്യൂണലില്‍ ഉണ്ട്. എല്ലാ ഭൂമിയും ഈ രാജ്യത്തിന്റെതാണ്. ബില്ലിലൂടെ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. നീതി ലഭിക്കും. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. മുസ്ലിം സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും ക്ഷേമത്തിനായാണ് ഈ ബില്ല് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ബില്ലിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

മുനമ്പത്തെ 600 കൂടുംബങ്ങളുടെ പ്രതിനിധികള്‍ തന്നെ കണ്ടിരുന്നു. കേരളത്തിലെ പ്രശ്‌നം പരിഹാരമാകും. ബില്‍ പാസാക്കുന്നതോടെ മുനമ്പത്തെ ജനങ്ങളുടെ പ്രയാസത്തിന് അവസാനമാകും. ക്രിസ്ത്യന്‍ വിഭാഗങ്ങൾ ആവശ്യപ്പെട്ടത് എംപിമാര്‍ ബില്ലിനെ പിന്തുണയ്ക്കണം എന്നാണ്. ഭരണഘടനയും ദേശീയപതാകയും കയ്യിലെടുത്ത് രാജ്യത്തിനെതിരെ പോരാടുന്നത് അംഗീകരിക്കില്ല. ഭരണഘടന കയ്യില്‍ പിടിച്ചു നടന്നതുകൊണ്ട് മാത്രം ആയില്ല. ഭരണഘടനയുടെ സ്പിരിറ്റ് ഉള്‍ക്കൊള്ളാന്‍ കൂടി പഠിക്കണം. മുസ്ലിംകളെ ഭിന്നിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് – കിരണ്‍ റിജിജു പറഞ്ഞു.

1954-ല്‍ വഖഫുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നു. വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേല്‍നോട്ടം വഹിക്കാന്‍ സംസ്ഥാന തലത്തില്‍ വഖഫ് ബോര്‍ഡുകളും കേന്ദ്ര തലത്തില്‍ വഖഫ് കൗണ്‍സിലും നിലവില്‍ വന്നു. 1995-ല്‍ ഈ നിയമം റദ്ദാക്കി വഖഫ് ബോര്‍ഡുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ വഖഫ് നിയമം നടപ്പാക്കി.

1995-ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്‌റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്‌ത പാർലമെൻ്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്‌കരിച്ച ബിൽ ആണ് ഇന്നലെ ലോക്‌സഭ പാസാക്കിയത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവാണ് ബിൽ അവതരിപ്പിച്ചത്.

പുതിയ ഭേദഗതി നിയമപ്രകാരം മാറ്റം വരുന്നത് 44 വകുപ്പുകളിലാണ്. വഖഫ് നിയമത്തിന്റെ സെക്ഷന്‍ 3 (ഐ)യില്‍ മാറ്റം വരും. ഭേദഗതി നിലവില്‍ വന്നാല്‍ കൃത്യമായ രേഖകള്‍ വച്ചുകൊണ്ട് മാത്രമേ വഖഫിന് ഭൂമി ഏറ്റെടുക്കാന്‍ സാധിക്കൂ. വസ്തു വഖഫ് ആക്കി മാറ്റാന്‍ വാക്കാലുള്ള ഉടമ്പടി മതിയെന്ന വ്യവസ്ഥ ഇതോടെ മാറും. മാത്രമല്ല, അഞ്ച് വര്‍ഷമെങ്കിലും ഇസ്ലാം മതം അനുസരിച്ച് ജീവിക്കുന്നയാള്‍ക്ക് മാത്രമേ വസ്തു വഖഫാക്കി മാറ്റാന്‍ സാധിക്കുകയുള്ളു. വഖഫ് ബോര്‍ഡുകളുടെ അധികാര പരിധിയും സ്വത്ത് വിനിയോഗവും നിയന്ത്രിക്കപ്പെടുമെന്നതാണ് ഏറ്റവും പ്രധാന കാര്യം. ഭേദഗതി പ്രകാരം ഭൂമി വഖഫില്‍ പെട്ടതാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം ബോര്‍ഡിന് നഷ്ടമാകും. പകരം വസ്തുവിന്റെ സര്‍വേ ഉത്തരവാദിത്തം ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. നിലവില്‍ ഭൂരിപക്ഷം വഖഫ് ബോര്‍ഡ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെടുന്നവരാണ്. എന്നാല്‍ പുതിയ ബില്ല് നിയമമാകുന്നതോടെ സര്‍ക്കാരിന് മുഴുവന്‍ അംഗങ്ങളെയും നോമിനേറ്റ് ചെയ്യാം. സമുദായം നിയന്ത്രിക്കുന്ന ബോര്‍ഡുകളില്‍ നിന്നും ട്രൈബ്യൂണലുകളില്‍ നിന്നും വഖഫ് ഭരിക്കാനുള്ള അധികാരം ഭരണത്തിലിരിക്കുന്നവരുടെ നിയന്ത്രണത്തിലേക്ക് മാറും.

 

Top Selling AD Space

You may also like

error: Content is protected !!