ആവർത്തനം വിരസമാണ് എന്നു നാം പറയുമ്പോഴും മനുഷ്യ ജീവിതത്തിൽ ഉടനീളം അതു കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവരുന്ന ഒരു അവസ്ഥാവിശേഷം ആണ് നിലവിലുള്ളത്. കാലചക്രം കറങ്ങുന്നു എന്നുള്ളത് യാഥാർഥ്യമാണല്ലോ. മഴക്കാലം, മഞ്ഞുകാലം, വസന്തകാലം, വേനൽക്കാലം എന്നീ നാലു ഇതളുകൾ അതിനുണ്ട് എന്നും നമുക്കറിയാം. മലയാളികളെ സംബന്ധിച്ചിടത്തോളം ജൂൺ മാസത്തിൽ മഴക്കാലം തുടങ്ങുന്നു. അതിനുശേഷം മഞ്ഞുകാലം വരുന്നു. തുടർന്നു വസന്തകാലമാണ്. പിന്നെ വേനൽക്കാലവും ആകുന്നു. ഒരു വർഷം ഈ നാലു കാലങ്ങളും വരുകയും പോവുകയും ചെയ്യുന്നു. വീണ്ടും അതു ആവർത്തിക്കുന്നു.
ദിവസത്തിന്റെ കാര്യമെടുത്താലും, രാത്രി, പ്രഭാതം, പകൽ, പ്രദോഷം എന്നിങ്ങനെ അതു ആവർത്തിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യജീവിതമെടുത്താലും ഇതുതന്നെയല്ലേ കാണപ്പെടുക. ബാല്യവും, കൗമാരവും, യൗവനവും, വാർദ്ധക്യവും ആയി അതു കടന്നു പോകുന്നു. അടുത്ത തലമുറയിലും അതു ആവർത്തിക്കുന്നു.
നമ്മുടെ ഭക്ഷണക്രമം പരിശോധിക്കുക. കൂടുതൽ വിരസത ഒഴിവാക്കാൻ ഭക്ഷണ വിഭവങ്ങളിൽ വൈവിധ്യം കൊണ്ടുവരാൻ നാം ശ്രദ്ധിക്കുമെങ്കിലും രാവിലെ, ഉച്ച, നാലുമണി, രാത്രി എന്നുള്ള ക്രമത്തിൽ നമ്മുടെ ഭക്ഷണരീതി ക്രമപ്പെടുത്തുകയും അതു മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നു. അപ്പോൾ ആവർത്തനം ജീവിതത്തിന്റെ ഭാഗം തന്നെയല്ലേ. അതുകൊണ്ട് ക്ഷമയോടെ അതിനെ ഉൾക്കൊള്ളുക.
ഫ്ളോരിയോ ജെ.
“ദാരിദ്ര്യം ഒരു തിന്മയല്ല, പക്ഷേ, അസൗകര്യമാണ്”
ഫ്ളോബർ
“നാം പരാജയപ്പെട്ട ഉദ്യമങ്ങളിൽ വിഡ്ഢികൾ ജയിക്കുന്നതു കാണുന്നതിനേക്കാൾ സങ്കടകരമായി മറ്റൊന്നില്ല”
ബെഞ്ചമിൻ ഡിസ്റേലി
“മനുഷ്യനെക്കുറിച്ചുള്ള അറിവ് അവരുടെ വികാരങ്ങളെക്കുറിച്ചുള്ള അറിവാണ്”
“വാക്കുകൾക്കൊണ്ടു നാം മനുഷ്യരെ ഭരിക്കുന്നു”
“നല്ലവനായിരിക്കുക വിമർശകനായിരിക്കുന്നതിനേക്കാൾ വിഷമമാണ്”
ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ
“ഒരിക്കലും ഒരു നല്ല യുദ്ധമോ ചീത്ത സമാധാനമോ ഉണ്ടായിട്ടില്ല”
“എവിടെ സ്വാതന്ത്ര്യം നിലനിൽക്കുന്നുവോ അവിടമാണ് എന്റെ സാമ്രാജ്യം”
“അശ്രദ്ധ അറിവില്ലായ്മയെക്കാൾ ഏറെ ദോഷം ചെയ്യുന്നു”
“ഒരാൾക്കു അയാൾ ആഗ്രഹിക്കുന്നതിന്റെ പകുതിയെങ്കിലും കിട്ടിയാൽ അയാളുടെ പ്രശ്നങ്ങൾ ഇരട്ടിക്കുകയാണ് ചെയ്യുക”
“പണംകൊണ്ട് എന്തും സാധ്യമാകുമെന്നു കരുതുന്ന മനുഷ്യൻ പണത്തിനുവേണ്ടി എന്തും ചെയ്യുന്നവനാണെന്നു സംശയിക്കാം”
ബൽസാക്ക്
“പലതും വിസ്മരിച്ചുകൊണ്ടല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ല”
ബൽത്താസർ ഗ്രേഷ്യൻ
“അന്യരുടെ കാര്യങ്ങളിൽ ഇടപെടുക ഒന്നും ചെയ്യാതിരിക്കുന്നതിലും കഷ്ടമാണ്”
ബർട്രന്റ് റസ്സൽ
“സ്നേഹംകൊണ്ടു പ്രബുദ്ധവും ജ്ഞാനംകൊണ്ടു നിയന്ത്രിതവുമായ ഒന്നാണു ഒരു നല്ല ജീവിതം”
“സ്വാതന്ത്ര്യം കുറഞ്ഞാൽ ഫലം അനിശ്ചിതത്വമാണ്, ഏറിയാലോ കലാപവും”
“മൂഢന്മാർ നിശ്ചയദാർഢ്യമുള്ളവരും ബുദ്ധിമാൻമാർ സംശയാലുക്കളുമായിരിക്കുന്നു. ഇതാണു പ്രബഞ്ചത്തിന്റെ ദുഃഖം”
ബർണാർഡ് ബാറൂക്ക്
“ഏറ്റവും കുറച്ചു വാഗ്ദാനം നൽകുന്നയാൾക്കു വോട്ടു ചെയ്യുക, അദ്ദേഹമായിരിക്കും നിങ്ങളെ കുറച്ചു നിരാശപ്പെടുത്തുക”
ബർത്തോൾഡ് ബ്രഹ്റ്റ്
“ദാരിദ്ര്യം നിങ്ങളെ ദുഃഖിതൻ എന്നപോലെ ജ്ഞാനിയുമാക്കുന്നു”
ബർണാഡ് ഷാ
“തിരിച്ചടിക്കാത്തവരെ സൂക്ഷിക്കുക. അയാൾ നിങ്ങളോട് ക്ഷമിക്കുകയോ സ്വയം ക്ഷമിക്കാൻ നിങ്ങളെ അനുവദിക്കുകയോ ചെയ്യുന്നില്ല”
“സ്വാതന്ത്ര്യം എന്നു പറഞ്ഞാൽ ഉത്തരവാദിത്വം എന്നാണർത്ഥം. അതുകൊണ്ടാണ് പല മനുഷ്യരും അതു വെറുക്കുന്നത്”
“പ്രതികാരത്തിനുള്ള ഭീരുവിന്റെ ആയുധമാണ് വിദ്വേഷം”
ബിസ്മാർക്ക്
“ഉദ്ദേശ്യത്തിൽ ഉദാരത, പ്രവൃത്തിയിൽ ദയ, വിജയത്തിൽ പാകത, ഇതുമൂന്നും മഹാന്മാരുടെ ലക്ഷണങ്ങളാണ്”
ബില്ലിഗ്രഹാം
“ദൈവം മനുഷ്യനെ ഒരു മൂലഗ്രന്ഥമായി സൃഷ്ടിച്ചാണ് ഈ ലോകത്തിലേയ്ക്കു അയച്ചിരിക്കുന്നത്. എന്നാൽ കോപ്പികളാകാനാണ് നാം ഉദ്യമിക്കുന്നത്”
ബിഥോവൻ
“ആദ്ധ്യാത്മികതയുടെയും ഭൗതികതയുടെയും ഇടയ്ക്കുള്ള മദ്ധ്യസ്‌ഥനാണ് സംഗീതം”
ബിയേഴ്‌സ് എ.
“ഓരോരുത്തരെയും അവരവരുടെ തെറ്റുകളിൽ ഉറപ്പിച്ചുനിർത്തുന്ന വിദ്യായാണ് ചർച്ച”
ബെർട്സൺ
“കാനന നീതിയുടെ നയതന്ത്രപരമായ പേരാണ് ശക്തിരാഷ്ട്രീയം”
ബേക്കൺ
“ചില പുസ്തകങ്ങൾ രുചിച്ചറിയേണ്ടവയാണ്. ചിലതു വിഴുങ്ങേണ്ടവയും. എന്നാൽ മറ്റുചിലതു ചവച്ചരച്ചു ദഹിപ്പിക്കേണ്ടവയത്രേ”
“പ്രകൃതിയെ ഭരിക്കേണ്ടതു അതിനെ അനുസരിച്ചുകൊണ്ടാണ്”
ബൈറൺ
“സമ്പൽസമൃദ്ധിയുടെ അഭാവം, അതാണു സത്യത്തിലേക്കുള്ള ആദ്യത്തെ പാത”
“ഹൃദയത്തിന്റെ വാസനകളാണ് സദ് വാസനകൾ”
“ബുദ്ധിമാൻമാർക്ക് ദുഃഖം ഗുരുവായിരിക്കണം. എന്തെന്നാൽ, ദുഃഖം തന്നെയാണു ജ്ഞാനം”
ബോവെ
“ഭാഷ നമുക്കു ലഭിച്ചിരിക്കുന്നത് പരസ്പരം നല്ല കാര്യങ്ങൾ പറയാനാണ്”
ബോൺ
“ഇന്നു ചിന്തിക്കുക. നാളെ സംസാരിക്കുക”
ബോസ് ഹോംപ്
“ഹൃദയത്തിൽ ധർമ്മമില്ലാത്തവനാണ് ഏറ്റവും വലിയ ഹൃദ്രോഗി”
തുടരും…..