പെർത്ത്: വിമാനത്താവളത്തിലെ വനിതാ ജീവനക്കാരിയെ ആക്രമിച്ച കേസിൽ 43-കാരനായ ഇന്ത്യൻ പൗരന് പെർത്ത് മജിസ്‌ട്രേറ്റ് കോടതി 7,500 ഡോളർ പിഴ വിധിച്ചു. ആക്രമണത്തിന് ഇരയായ ജീവനക്കാരിക്ക് നഷ്ടപരിഹാരം മുഴുവനും നൽകുന്നത് വരെ 7 മാസവും 15 ദിവസവും ജയിൽ ശിക്ഷയ്ക്കും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ഫെബ്രുവരി 25-നാണ് പെർത്ത് വിമാനത്താവളത്തിലെ വനിതാ ജീവനക്കാരിയുടെ നേർക്ക് അപ്രതീക്ഷിതമായ ആക്രമണം ഇയാൾ നടത്തിയത്. മോശം പെരുമാറ്റത്തെ തുടർന്ന് ബാലിയിലേക്കുള്ള ഇയാളുടെ യാത്രയ്ക്ക് അധികൃതർ അനുമതി നിഷേധിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. യാത്രാനുമതിയില്ലെന്ന വിവരം വിമാനത്താവളം ജീവനക്കാരി വന്ന് അറിയിച്ച ഉടൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് പോയ ഇയാൾ ഉടനെ മടങ്ങി വന്ന് ചെക്ക് ഇൻ കൗണ്ടറിലെത്തി ജീവനക്കാരിയുടെ മുഖത്ത് അടിക്കുകയും കഴുത്തിന് പിടിച്ച് നിലത്തേക്ക് വലിച്ചിഴക്കുകയുമായിരുന്നു. അവിടുണ്ടായിരുന്ന യാത്രക്കാരിൽ 2 പേർ ഓടി വന്ന് ഇയാളെ ഫെഡറൽ പൊലീസ് എത്തുന്നതു വരെ രക്ഷപ്പെടാതെ പിടിച്ചുവയ്ക്കുകയുമായിരുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും പരുക്കേറ്റ ജീവനക്കാരിയ്ക്ക് ഉടൻ ചികിത്സ നൽകുകയും ചെയ്‌തു.