ജിദ്ദ: റഷ്യയുമായുള്ള 30 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള യുഎസ് നിര്‍ദേശം അംഗീകരിക്കാന്‍ യുക്രൈന്‍ സമ്മതമറിയിച്ചു. സൗദിയിലെ ജിദ്ദയില്‍ നടന്ന സമാധാന ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തലിന് വഴിതെളിഞ്ഞിരിക്കുന്നത്. സമാധാന ചര്‍ച്ചകള്‍ പോസിറ്റീവും ഏറെ ഫലപ്രദവുമായിരുന്നെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലെവിറ്റ് അറിയിച്ചു. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസായിദ് അല്‍ ഐബാന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്ക് മുന്നോടിയായി യുക്രെയിന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഇന്നലെ സൗദി സന്ദര്‍ശിച്ചിരുന്നു. ഇരുവരും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.
അതിനിടെ റഷ്യയിൽ യുക്രെയ്നിന്റെ കനത്ത ഡ്രോൺ ആക്രമണം. മോസ്കോ അടക്കം 10 പ്രവിശ്യകളിൽ ചൊവ്വാഴ്ച പുലർച്ചെ നടന്ന ആക്രമണങ്ങളിൽ 3 പേർ കൊല്ലപ്പെട്ടു. 18 പേർക്കു പരുക്കേറ്റു. വിവിധ മേഖലകളിലായി 337 ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ സേന അറിയിച്ചു.റഷ്യൻ തലസ്ഥാനമായ മോസ്കോ ലക്ഷ്യമിട്ടെത്തിയ 70 ഡ്രോണുകളിലേറെയും വെടിവച്ചിട്ടെന്നു സൈന്യം അറിയിച്ചു. മോസ്കോയിലെ 6 വിമാനത്താവളങ്ങൾ അടച്ചിട്ടു. മോസ്കോ മേഖലയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.അതേസമയം, വിവിധ യുക്രെയ്ൻ പ്രദേശങ്ങളിൽ റഷ്യൻ സൈന്യം മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. കർസ്ക് പ്രവിശ്യയിൽ യുക്രെയ്ൻ കൈവശപ്പെടുത്തിയ പ്രദേശങ്ങളിൽ 100 ചതുരശ്ര കിലോമീറ്റർ തിരിച്ചുപിടിച്ചതായും റഷ്യ അവകാശപ്പെട്ടു.
സൗദിയിലെ ജിദ്ദയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽസ് എന്നിവരുമായി യുക്രെയ്ൻ പ്രതിനിധി സംഘം നടത്തുന്ന സമാധാനചർച്ചയ്ക്കു മണിക്കൂറുകൾക്കു മുൻപാണ് ആക്രമണം.