വര്‍ഷം 1975. അന്ന് തീയേറ്റര്‍ ഉത്ഘാടത്തിന് എത്തിയ തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായിക. പ്രായം വെറും പതിമൂന്ന് വയസ്സ്. പതിമൂന്നാം വയസ്സില്‍ നായികയായി തുടക്കം. തെന്നിന്ത്യന്‍ സിനിമ ചരിത്രത്തിലെ സുന്ദരമുഖം. അന്ന് ഉത്ഘാടനങ്ങൾക്ക് നിയോഗിക്കപ്പെട്ട സുന്ദരി.
മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായ നായിക ആരായിരിക്കും. പലര്‍ക്കും അഭിപ്രായം പലതായിരിക്കും. നായികമാരുടെ കാര്യത്തില്‍ പ്രകടനത്തെക്കാള്‍ ഉപരി സൗന്ദര്യത്തിനാണ് പലപ്പോഴും മുന്‍ഗണന. ആ സൗന്ദര്യം തന്നെ പലരീതിയിലും വ്യാഖ്യാനിക്കപ്പെടുന്നുമുണ്ട്. നിറത്തിന്റെ പേരില്‍, കണ്ണഴകിന്റെ പേരില്‍, മൂക്കിന്റേയും നുണക്കുഴികളുടെയും ആകാരത്തിന്റേയും പേരില്‍.
ഓരോ കാലത്തും ഓരോ നടിമാര്‍ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരുന്നു. സില്‍ക്ക് സ്മിതയും പാര്‍വ്വതിയും സുമലതയുമൊക്കെ ആ പട്ടികയിലെ മുന്‍നിരക്കാരാണ്. എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ തുടക്കത്തിലും നിരവധി സിനിമകളിലൂടെ മലയാള സിനിമ ആസ്വാദകരെ ആകര്‍ഷിച്ച ഒരു സുന്ദരമുഖമുണ്ട്. അക്കാലത്തെ മിക്ക നായകന്മരുടേയും നായികയായി തിളങ്ങിയ നടി. ഇപ്പോഴും ആ സൗന്ദര്യത്തിന് ആരാധകര്‍ ഏറെയാണ്.
1962-ല്‍ അഗസ്റ്റിന്‍ ഫെര്‍ണാണ്ടസിന്റേയും വിക്ടോറിയയുടേയും മകളായി എറണാകുളത്ത് ജനിച്ച ഉണ്ണിമേരിയാണ് ആ നടി. ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച നടി തന്റെ പതിമൂന്നാം വയസ്സില്‍ സിനിമയില്‍ നായികയാവുകയും ചെയ്തു. ഉണ്ണിമേരിയുടെ അമ്മ വിക്ടോറിയ ബാലെ നടിയായിരുന്നു. അത്‌കൊണ്ട് തന്നെ വളരെ ചെറുപ്പകാലം മുതല്‍ കലയോട് വളരെ അടുപ്പം ഉണ്ണിമേരിക്കും ഉണ്ടായി. മൂന്നാം വയസ്സ് മുതല്‍ നൃത്തം പഠിക്കുകയും ചെയ്തിരുന്നു. ഏഴ് വയസ്സ് പ്രായമുള്ളപ്പോഴാണ് ബാലതാരമായി ഉണ്ണിമേരി സിനിമയില്‍ തുടക്കം കുറിക്കുന്നത്.
നവവധു, ഗംഗാ സംഗമം, ശ്രീഗുരുവായൂരപ്പന്‍ തുടങ്ങി നിരവധി സിനിമകളില്‍ ബാലതാരമായി ഉണ്ണിമേരി തിളങ്ങി. നവവധു സിനിമയില്‍ പ്രേംനസ്സീര്‍ ആയിരുന്നു നായകന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ നായകന്റെ നായികയായും ഉണ്ണിമേരി അഭിനയിച്ചു എന്നതും കൗതുകം. ബാലതാരമായി അഭിനയിക്കുമ്പോള്‍ ബേബി കുമാരി എന്ന പേരായിരുന്നു നടി സ്വീകരിച്ചത്. ജെമിനി ഗണേഷന്‍ നായകനായി എത്തിയ ശ്രീഗുരുവായൂരപ്പന്‍ സിനിമയില്‍ ബേബി കുമാരി അവതരിപ്പിച്ച കൃഷ്ണവേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടി. അഷ്ടമിരോഹിണി എന്ന സിനിമയില്‍ നായികയായി അഭിനയിക്കുമ്പോള്‍ വെറും പതിമൂന്ന് വയസ്സ് മാത്രമായിരുന്നു ഉണ്ണിമേരിയുടെ പ്രായം. പ്രേംനസീറാണ് സിനിമയില്‍ പ്രധാന കഥാപാത്രമായി എത്തിയത്. പിക്‌നിക് സിനിമയില്‍ കുറച്ച് രംഗത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന യക്ഷി കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി. അക്കാലത്ത് ഈരാറ്റുപേട്ട മെട്രോ തീയേറ്റര്‍ ഉത്ഘാടത്തിന് എത്തിയ വിശിഷ്ടാതിഥികളില്‍ ഒരാള്‍ ഉണ്ണിമേരി ആയിരുന്നു. 1975 കാലത്തായിരുന്നു അത്…പിന്നീട് നിരവധി സിനിമകളില്‍ നായികയായി ഉണ്ണിമേരി തിളങ്ങി. എന്നാല്‍ സംവിധായകര്‍ കൂടുതലും ഉപയോഗപ്പെടുത്തിയത് നടിയുടെ സൗന്ദര്യത്തെയായിരുന്നു. ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് നടി കൂടുതലും പിന്നീട് ശ്രദ്ധിക്കപ്പെട്ടത്.
തച്ചോളി അമ്പു, സൂത്രക്കാരി, അച്ചാരം അമ്മിണി, സഞ്ചാരി, നാഗമഠത്ത് തമ്പുരാട്ടി തുടങ്ങി നിരവധി സിനിമകളില്‍ അക്കാലത്ത് നടി അഭിനയിച്ചു. മറ്റ് ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളായി ഉണ്ണിമേരി എത്തി. തമിഴ് സിനിമയില്‍ ദീപ എന്ന പേരിലാണ് ഉണ്ണിമേരി അഭിനയിച്ചത്. ഗ്ലാമര്‍ വേഷങ്ങളില്‍ തളച്ചിടപ്പെട്ടതോടെ പതിയെ സിനിമയില്‍ അവസരങ്ങളും കുറഞ്ഞു. പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങളും നടി അക്കാലത്ത് സിനിമയില്‍ അവതരിപ്പിച്ചു. എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം മാറി കുടുംബത്തോടൊപ്പം എറണാകുളത്താണ് നടി താമസിക്കുന്നത്. ഒരിക്കല്‍ നടി ശ്രീവിദ്യ പറഞ്ഞത് പോലെ, ഓരോ ദിവസവും കൂടി വരുന്ന സൗന്ദര്യത്തിനുടമയാണ് ഉണ്ണിമേരി എന്ന് നിരവധി കഥാപാത്രങ്ങളിലൂടെ നമ്മളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
കടപ്പാട് ഫേസ് ബുക്ക്