ഗിരിധറിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനുമുന്‍പേ, അയാളുടെ മുന്‍കാലവൈദ്യപരിശോധനകളും, ചികിത്സാസംബന്ധിയായ വിവരങ്ങളും ലഭിക്കുവാന്‍ വേണ്ട ഏര്‍പ്പാടുകളുണ്ടാക്കിയിരുന്നു.
കാരണം, അയാളുമായുളള ഇന്റര്‍വ്യൂവിന്റെ അസുഖകരമായ സമാപ്തി, ചോദ്യങ്ങള്‍ കൊണ്ട് അയാളെ ബുദ്ധിമുട്ടിച്ചതിനാലാണെന്ന പരാതി ഉറപ്പായും അനുയായികളും അഭ്യുദയകാംക്ഷികളും ഉന്നയിക്കും.
അയാള്‍ക്ക് നേരെത്തെ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് കണ്ടുപിടിക്കണം.
ആശുപത്രിയില്‍നിന്ന് അപ്പോഴപ്പോഴുള്ള വിവരങ്ങള്‍ ചാനല്‍വഴി സംപ്രേഷണം ചെയ്തുകൊണ്ടിരുന്നു.
ഭാഗ്യത്തിന് സിറ്റി ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ്, ചാനല്‍ പ്രോഗ്രാം പ്രൊഡ്യൂസറുടെ ഭര്‍ത്താവായിരുന്നു.
ഗിരിധര്‍ അപകടഘട്ടം തരണം ചെയ്തുവെന്നും, നേരത്തെ തന്നെ അവിടുത്തെ ചികിത്സയിലായിരുന്നുവെന്നുമുള്ള വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞപ്പോള്‍ മഹാഗൗരിക്കു സമാധാനമായി.
സ്റ്റെന്റ് രണ്ടെണ്ണം ഇടേണ്ടിവന്നു. നാലുദിവസങ്ങള്‍ക്കകം വീട്ടില്‍ പോകാമെന്നുള്ള വാര്‍ത്ത ചാനലില്‍ വന്നപ്പോള്‍ മഹാഗൗരി വീട്ടിലേക്കു മടങ്ങാനൊരുങ്ങി.
ഗിരിധറില്‍ നിന്നും തല്‍ക്കാലം മറ്റു വിഷയങ്ങളിലേക്ക് ചാനല്‍ മാറി.
പക്ഷേ, അന്നു നടന്ന കാര്യങ്ങള്‍ പിന്നീട് വലിയ ചര്‍ച്ചകള്‍ക്കു വഴിതെളിയിച്ചു.
ആരാണ് ഈ മഹാഗൗരി? എന്തിനാണ് ചാനലിന്റെ സി. ഇ. ഒ ആയ അവരുതന്നെ അഭിമുഖസംഭാഷണപരിപാടി നയിച്ചത്?
എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍… !
ഗൗരിയും, ഗിരിയും പണ്ട് കമിതാക്കളായിരുന്നുവെന്നുവരെ ജനം ചിന്തിച്ചുകൂട്ടി. പക്ഷേ, ആര്‍ക്കും ഒന്നിനും കൃത്യമായ ഒരുത്തരവും കിട്ടുകയുണ്ടായില്ല.
ഗിരിധറുമായി വെറും പതിനഞ്ചു മിനിറ്റുമാത്രം നടത്താന്‍ കഴിഞ്ഞ അഭിമുഖം ക്ഷണനേരംകൊണ്ട് വൈറലായി. സമൂഹ മാധ്യമങ്ങള്‍ ആ നിമിഷങ്ങള്‍ വലിയ ആഘോഷമാക്കി. ചിലര്‍ ഗൗരിയെ കുറ്റപ്പെടുത്തിയും സംസാരിച്ചു. എന്നാല്‍, കൂടുതല്‍ പേരും ഹൃദയസ്തംഭനത്തെ ഗിരിധറിന്റെ തന്ത്രമായി വ്യാഖ്യാനിക്കുകയും ചെയ്തു.
തുടരും …
പുഷ്പമ്മ ചാണ്ടി