Friday, April 18, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » മഹിളാലയം ചേച്ചി എസ്. സരസ്വതിയമ്മയുടെ ഓർമ്മകൾക്ക് രണ്ടാണ്ട്
മഹിളാലയം ചേച്ചി എസ്. സരസ്വതിയമ്മയുടെ ഓർമ്മകൾക്ക് രണ്ടാണ്ട്

മഹിളാലയം ചേച്ചി എസ്. സരസ്വതിയമ്മയുടെ ഓർമ്മകൾക്ക് രണ്ടാണ്ട്

by Editor
Mind Solutions

മലയാളികൾക്ക് കൂടെപ്പിറപ്പായിരുന്നു ഒരുകാലത്ത് റേഡിയോയും ആകാശവാണി പ്രോഗ്രാമുകളുമൊക്കെ. അന്ന് റേഡിയോയിലൂടെ കേട്ട പ്രോഗ്രാമുകളും, അതവതരിപ്പിച്ചിരുന്നവരുടെ ശബ്ദങ്ങളും നമുക്കിന്നും ഗൃഹാതുരത്വം നിറയ്ക്കുന്ന നല്ലോർമ്മകളാണ്.

വാർത്തകളിൽ തുടങ്ങി പ്രഭാതഭേരി, കൃഷിപാഠം, കണ്ടതും കേട്ടതും, ബാലലോകം, രഞ്ജിനി, തൊഴിലാളി മണ്ഡലം, വയലുംവീടും, എഴുത്തുപെട്ടി, യുവവാണി, ലളിതസംഗീതപാഠം, കർണ്ണാടക സംഗീതപാഠം, ശബ്ദരേഖ, നാടകോത്സവം, സംഗീതോത്സവം, കഥാപ്രസംഗം, അങ്ങനെ എത്രയെത്ര പരിപാടികളാണ് നമ്മുടെയോർമ്മച്ചെപ്പിൽ ഇന്നും ഒളിമങ്ങാതെനിൽക്കുന്നത്. അക്കൂട്ടത്തിൽ പ്രേക്ഷക പ്രീതി നേടിയൊരു പ്രോഗ്രാമായിരുന്നു “മഹിളാലയം“. മഹിളാലയം എന്നുകേൾക്കുമ്പോൾ ആദ്യം ഓർമ്മവരിക അതിന്റെ അവതാരകയായ മഹിളാലയം ചേച്ചിയെയാണ്. അതേ.. എസ്. സരസ്വതിയമ്മയെന്ന മലയാളികളുടെ സ്വന്തം മഹിളാലയം ചേച്ചി.

ആകാശവാണിയുടെ ഡെപ്യൂട്ടിസ്റ്റേഷൻ ഡയറക്ടറും ‘മഹിളാലയം’ ഉൾപ്പെടെ അനേകം പരിപാടികളുടെ പ്രൊഡ്യൂസറും, അവതാരകയുമായിരുന്നു എസ്. സരസ്വതിയമ്മ. 26 വർഷത്തോളം അവർ ആകാശവാണിയിൽ നിറഞ്ഞു നിന്നിരുന്നു. ആകാശവാണിയുടെ മലയാള പ്രക്ഷേപണ ലോകത്തിന്റെ ചരിത്രം പറയുമ്പോൾ എസ്.സരസ്വതിയമ്മയുടെ പേരും മുൻനിരയിലുണ്ടാവുമെന്നതിൽ സംശയമില്ല.

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി തഴവായിൽ സ്വാതന്ത്ര്യസമര സേനാനിയും, ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും, ജീവചരിത്രകാരനുമായിരുന്ന കോട്ടുക്കോയിക്കൽ വേലായുധന്റെയും ശാരാദാമ്മയുടെയും മകൾ. തഴവാ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പഠനത്തിൽ മിടുക്കിയായിരുന്ന സരസ്വതിയമ്മയ്ക്ക് വക്കീൽ ജോലിയോടായിരുന്നു താൽപ്പര്യം. LLB യ്ക്ക് പഠിച്ച് വക്കീൽ ജോലിയിൽ പ്രവേശിച്ചെങ്കിലും അവരെ കാത്തിരുന്നത് കലയുടെ വലിയൊരു ലോകം തന്നെയായിരുന്നു. 1965-ൽ അവർ ആകാശവാണിയിൽ ജോലിയിൽ പ്രവേശിച്ചു.

വനിതകൾക്കായി ഒരു പ്രത്യേക പരിപാടി എന്ന ആശയം അവരുടേതായിരുന്നു. “സ്‌ത്രീകൾക്ക് മാത്രം” എന്നൊരു പ്രോഗ്രാം തുടങ്ങി അധികം വൈകുംമുൻപുതന്നെ മഹിളാലയം എന്ന പരിപാടിയും അവർ ആരംഭിച്ചു. രണ്ടു പ്രോഗ്രാമുകളും ശ്രോതാക്കളുടെ ഇഷ്ട പരിപാടിയായി മാറി. വിവിധ മേഖലകളിലെ സ്ത്രീകളുടെ വിഷയങ്ങൾ കോർത്തിണക്കിയായിരുന്നു മഹിളാലയത്തിന്റെ രൂപകൽപ്പന. ഒപ്പം സാഹിത്യ കൃതികളും നാടകങ്ങളും വിവിധ മേഖലകളിൽ പ്രശസ്തരായ സ്ത്രീകളുടെ വിജയ കഥകളുമെല്ലാം അതിൽ കോർത്തിണക്കിവച്ചു. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ജനപ്രിയമായിരുന്ന ‘ബാല ലോകത്തിലും അവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. വിദ്യാലയങ്ങളിൽ ആകാശവാണിയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഗായകസംഘം രൂപീകരിക്കുന്നതിന് മുൻകൈയെടുത്തതും സരസ്വതിയമ്മയായിരുന്നു.

1987-ൽ അവർ ആകാശവാണിയിൽനിന്നും വിരമിച്ചശേഷം എഴുത്തിന്റെ മേഖലയിലേക്ക് കടന്നു. മലയാള മനോരമ ആഴ്ചപ്പതിപ്പിൽ ”വനിതാവേദി”, മംഗളം വാരികയിൽ “വനിതകൾക്ക് മാത്രം” തുടങ്ങിയ പംക്തികൾ അവർ വർഷങ്ങളോളം കൈകാര്യംചെയ്തു. ആകാശവാണിയിലെ അനുഭവങ്ങൾ കോർത്തിണക്കി ‘‘ആകാശത്തിലെ നക്ഷത്രങ്ങൾ’’ എന്ന പുസ്തകവും, തുടർന്ന് ‘‘കുപ്പിച്ചില്ലുകളും റോസാദലങ്ങളും’’, ‘’അമ്മമാർ അറിഞ്ഞിരിക്കാൻ'”, “പൂക്കളും കുഞ്ഞുങ്ങളും” തുടങ്ങിയ കൃതികളും അവർ രചിയ്ക്കുകയുണ്ടായി. മികച്ച റേഡിയോ ചി‌ത്രീകരണത്തിനുള്ള ദേശീയ പുരസ്‌കാരമുൾപ്പെടെ അനേകം ബഹുമതികൾ അവർക്ക് ലഭിച്ചിട്ടുണ്ട്.

അവരുടെ വേർപാടിന് രണ്ടുവർഷമാകുന്നു. പക്ഷേ മലയാളികളുടെ മനസ്സിൽ ആ സ്വരം ഇന്നും മുഴങ്ങി നിൽക്കുന്നു. അവരുടെ പുസ്തകത്തിന്റെ പേരുപോലെ റേഡിയോയെന്ന വിശാലമായ ആകാശത്തിൽ തിളങ്ങി നിന്ന നക്ഷത്രം തന്നെയായിരുന്നു എസ്.സരസ്വതിയമ്മ. എത്രയെത്ര എഴുത്തുകാരികളെയാണ് അവർ അടുക്കളയിൽനിന്ന് അരങ്ങെത്തെത്തിച്ചത്. പി. പത്മരാജൻ, മുഹമ്മദ് റോഷൻ, ഡോ.എം.രാജീവ് കുമാർ…. അങ്ങനെ എത്രയോ പേരെ അവർ റേഡിയോയിൽ കൊണ്ടുവന്നു. ഒരുപക്ഷെ ഇത്രയധികം പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ച മറ്റൊരു ആകാശവാണി ഉദ്യോഗസ്ഥയുണ്ടാവില്ല എന്നതാണ് വാസ്തവം. ആകാശ വാണിയിലെ ഓരോ പ്രോഗ്രാമുകൾക്കുശേഷവും, അതിന്റെ പ്രൊഡ്യൂസറെയും, അവതാരകരേയും ഡ്യൂട്ടി റൂമിലേക്കു വിളിപ്പിച്ച് അവരെ അഭിനന്ദിക്കാനും അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാലമെത്രമാറിയാലും എന്നും തിളങ്ങുന്നൊരു നക്ഷത്രമായി അവരുടെ സ്വരം നമ്മുടെ ഓർമ്മയിലുണ്ടാവും. തീർച്ച.
സ്നേഹാഞ്ജലികൾ..!

Top Selling AD Space

You may also like

error: Content is protected !!