Tuesday, June 3, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » നിരണം കുരിശ്
നിരണം കുരിശ്

നിരണം കുരിശ്

ഫാ. ജിജോ നിരണം

by Editor

കുരിശ് ക്രൈസ്തവ സഭയുടെ പ്രധാന പ്രതീകവും, വിശ്വാസത്തിൻ്റെ ഭാഗവുമാണ്. ഇങ്ങനെയൊരു മാറ്റത്തിന് കാരണമായത് ക്രിസ്തുവിൻ്റെ ക്രൂശ് മരണവും തുടർന്നുള്ള ക്രിസ്തിയ വേദചിന്തയുടെ വളർച്ചയുമായിരുന്നു. റോമൻ ഭരണത്തിലെ കുറ്റവിചാരണ ഉപാദിയായിരുന്ന കുരിശ് കുസ്തന്തീനോസ് രാജാവിൻ്റെ കാലത്തിന് ശേഷം ക്രിസ്താനികളുടെ പൊതു അടയാളമായിത്തിർന്നു. എന്നാൽ അതിന് മുമ്പ് തന്നെ വി. പൗലോസ് ശ്ലീഹാ തൻ്റെ ലേഖനങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും കുരിശിൻ്റെ ദൈവശാസ്ത്രം രൂപപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്.

യേശു ക്രിസ്തുവിൻ്റെ ക്രൂശുമരണവും, അതിലൂടെ സൃഷ്ടി മുഴുവനും കൈവന്ന രക്ഷാനുഭവവും മുൻനിർത്തിയാണ് വി. പൗലോസിൻ്റെ വേദചിന്തയെ വികസിപ്പിക്കുന്നത്. കാലഗതിയിൽ റോമ സാമ്രാജ്യത്തിൽ ക്രൈസ്തവ സഭ ഔദ്യോഗിക മതമായപ്പോൾ കുരിശ് ഒരു മത ചിഹ്നമായി തീർന്നു. അങ്ങനെ കുരിശ് കഴുമരം എന്ന ധാരണയ്ക്കപ്പുറമായി സ്നേഹത്തിൻ്റെയും, വീണ്ടെടുപ്പിൻ്റെയും, ദൈവീക കൃപയുടെയും പ്രത്യക്ഷ അടയാളമായി പരിണമിച്ചു. ഈ നിലയിലെല്ലാം കുരിശിന് അർത്ഥം കണ്ടെത്താൻ ശ്രമിക്കുമ്പോൾ അതിൽ ചരിത്രവും, രാഷ്ട്രീയവും വിശ്വാസവും ഇഴ ചേർന്നു നിൽക്കുന്നതായിട്ടാണ് നമുക്ക് തിരിച്ചറിയാൻ സാധിക്കുന്നത്.

കുരിശ് ക്രിസ്തിയ സമൂഹത്തിൻ്റെ പ്രത്യക്ഷ അടയാളമെന്ന നിലയിൽ ഓരോ സഭാ പാരമ്പര്യങ്ങളുടെയും വേദശാസ്ത – ചരിത്ര പാരമ്പര്യങ്ങളും കുരിശിനോട് ചേർത്ത് പറയാൻ ശ്രമിക്കാറുണ്ട്. ഇതിന് ഏറ്റവും നല്ല ഉദാഹരണത് കേരളത്തിലെ സുറിയാനി ക്രിസ്താനികളുടെ ഇടയിൽ ഗൗരവമായ ചർച്ചക്ക് വിധേയമാകുന്ന പേർഷ്യൻ കുരിശ്. സമാനമായി നിരവധി കുരിശ് മാതൃകകൾ ലോകത്തിലെ വിവിധ ക്രൈസ്തവ പാരമ്പര്യങ്ങളിൽ നമുക്ക് കാണാൻ സാധിക്കും.

കേരളത്തിലെ ക്രൈസ്തവ സഭാ ചരിത്രത്തിൽ കുരിശ് രൂപങ്ങൾക്ക് അദ്ധ്യാത്മീക തലം മാത്രമല്ല മറിച്ച് തലമുറകളായി കൈമാറി വരുന്ന ചരിത്രം, സംസ്കാരികം, കലാവൈദഗ്ദ്യം എന്നീ തലങ്ങൾ കൂടി ഉണ്ട്. ഉദാഹരണമായി പുരാതന സുറിയാനി പള്ളികളുടെ ചുവരുകളിലും മേൽകൂരകളിലും വി. മദ്ബഹായ്ക്കുള്ളിലെ കൊതു പണികളിലും വിവിധ കുരിശു രൂപങ്ങൾ കാണാൻ സാധിക്കും. ഇന്നത്തെപ്പോലെ ആധുനിക യന്ത്രങ്ങളുടെ സഹായമില്ലാതെ, മനുഷ്യബുദ്ധിയും കലാവിരുതും മഹത്തായി സമ്മേളിച്ചതാണ് ഈ നിർമ്മാണങ്ങൾ ഒക്കെയും. ഏറെ പ്രചാരം ലഭിച്ച പേർഷ്യൻ കുരിശും അതിൻ്റെ നിർമ്മാണ ചാരുതയും നാം ശ്രദ്ധിക്കേണ്ടതാണ്, കാരണം ഇതിന്റെ ചരിത്ര-സംസ്കാരിക ബന്ധങ്ങളും, വിശ്വാസത്തിൽ ഉറച്ച പ്രതീകാത്മക അടയാളങ്ങളും ചേർന്നുനിൽക്കുന്നതു കൊണ്ടാണ്. അതോടൊപ്പം, പ്രാദേശികമായ രൂപ വ്യത്യാസവും ഓരോ സ്ഥലങ്ങളിലും ഉള്ള തനതു നിർമ്മാണ രീതികളും കുരിശുരൂപങ്ങളിൽ കാണാൻ സാധിക്കും. പേർഷ്യൻ കുരിശും മാർത്തോമൻ കുരിശും ഉൾപ്പെടെ പുരാതന പള്ളികളിൽ കാണാൻ കഴിയുന്ന മറ്റു കുരിശുരൂപങ്ങളിലും ഇവ പ്രകടമായി തന്നെ മനസ്സിലാക്കാവുന്നതാണ്.
മലങ്കര സഭ ചരിത്രത്തിൽ ചില കുരിശ് രൂപങ്ങൾ പൗരാണികതയും, രൂപഭംഗിയും ഒക്കെക്കൊണ്ട് ശ്രദ്ധ നേടിയപ്പോൾ, ഏറെ പ്രത്യേകങ്ങൾ ഉണ്ടായിട്ടും ആരും കാര്യമായ പഠനത്തിന് വിധേയമാക്കാത്ത കുരിശ് രൂപമാണ് ഭാരത ക്രൈസ്തവരുടെ ഈറ്റില്ലമായ നിരണം പള്ളിയിലെ പുരാതനമായ മമോദീസ തൊട്ടിയിൽ കൊത്തിവെച്ചിട്ടുള്ളത്.

നിരണം കുരിശും – ശൈലിയും

കുരിശു രൂപങ്ങളുടെ തനതു ശൈലിയിൽ നിന്നും ഏറെ വേറിട്ടു നിൽക്കുന്ന ഒരു രൂപമാണ് നിരണം കുരിശിനുള്ളത്. ഇടതു കൈയുടെ അഗ്രം ചുണ്ടൻ വള്ളങ്ങളുടെ അമരം പോലെ മുകളിലേക്കും, വലതുകൈയുടെ അഗ്രം ഇതിൻ്റെ വിപരീത രീതിയിൽ താഴേക്ക് കുനിഞ്ഞുമാണ് ഉള്ളത്. ഈ നിർമ്മാണ രീതിയിൽ ഉള്ള ഒരു കുരിശ് നിരണം പള്ളിയിൽ അല്ലാതെ വേറെ എങ്ങും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തു നിന്നും ഉള്ളവരായ ചരിത്ര-പുരാവസ്തു ഗവേഷകരുടെ നിരീക്ഷണം. കുരിശു രൂപം കാണുമ്പോൾ സ്വസ്തിക ചിഹ്നത്തോട് ചെറു സാമ്യം ഉണ്ടെങ്കിലും പൂർണ്ണമായും അതിനൊടു ചേർച്ചയും ഇല്ല. ഭാരതീയ പാരമ്പര്യത്തിലെ ദേവീദേവന്മാരുടെ വിഗ്രഹശാസ്ത്രമുറപ്രകാരമുള്ള അഭയ-വരദ മുദ്രകളായാണ് നിരണം കുരിശിൻ്റെ ഇരു കരങ്ങളും ചമച്ചിരിക്കുന്നത്. ബുദ്ധ-ഹിന്ദു മതങ്ങളിൽ വിഗ്രഹത്തിൻ്റെ വലതു കൈ മേൽപ്പോട്ട് ഉയർന്ന്, ഭക്തന് അഭയം നൽകുന്ന രീതിയിലും. ഇടത് കയ്യാവട്ടെ വരം പ്രദാനം ചെയ്തുകൊണ്ട് പുറത്തേക്ക് നീട്ടിയ മട്ടിലും കാണപ്പെടുന്നു. കൂടാതെ തളിർത്ത കുരിശ് ആണ് നിരണം കുരിശ് എന്നും, കുരിശിൻ്റെ തളിർപ്പുകളാവാം ഇരു വശത്തും കാണപ്പെടുന്നത്. കേരളീയ ചുവർചിത്ര കലാപാരമ്പര്യത്തിൽ ലത അഥവാ വള്ളി എന്ന് പറഞ്ഞുവരുന്ന ഡിസൈനുമായി കുരിശിൻ്റെ ഇടത് വലത് കൈകൾക്ക് സാമ്യമുണ്ടെന്നും, കൽപ്പണിക്കാരൻ കുരിശിൻ്റെ തളിർത്ത അവസ്ഥയെ മനോഹരമായി അവതരിപ്പിച്ചതാവണം എന്ന് പുരാതന കേരളിയ നിർമ്മാണ ശൈലികളെ കുറിച്ച് പഠനം നടത്തുന്ന പുരാവസ്തു ഗവേഷണ വിദ്യാർത്ഥി രൂബേൻ ജോൺ ബിനുവിൻ്റെ നിഗമനം. ഒരു പക്ഷെ നിരണം ദേശത്ത് ഉണ്ടായിരുന്ന ബുദ്ധ സാന്നിദ്ധ്യവും, പുരാതന ഹൈന്ദവ ക്ഷേത്ര പാരമ്പര്യങ്ങളും ഈ കുരിശിൻ്റെ നിർമ്മാണത്തേ സ്വാധീനിച്ചിരിക്കാം, കാരണം നിലവിൽ ഉള്ള നിരണം പള്ളി ഒരു നൂറ്റാണ്ടിന് മുമ്പേയായിരുന്നു പുനർനിർമ്മിച്ചത്. നിർമ്മാണ കാലയളവിൽ പഴയ പള്ളിയുടെ ചില ഭാഗങ്ങൾ പുതുക്കി പണിയുന്ന പള്ളിയുടെ നിർമ്മാണത്തിൽ ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട് പ്രത്യേകിച്ച് പൗരാണികമായ മാമോദീസ തൊട്ടി. അതിനാൽ ഈ മാമോദീസ തൊട്ടി നിർമ്മിച്ച കാലത്തിൻ്റെ ചുറ്റുപാടുകൾ ഇതിൻ്റെ നിർമ്മാണത്തിൽ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.

നിരണം കുരിശും അന്തർലീനമായിരിക്കുന്ന അർത്ഥതലങ്ങൾ

ക്രൈസ്തവരെ സംബന്ധിച്ച് കുരിശ് കർത്താവിന്റെ മരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും കുരിശുമൂലം ഉണ്ടായ രക്ഷയുടെയും പ്രതീകമാണ്. ഒപ്പം രക്ഷ പ്രദാനം ചെയ്ത കർത്താവിൻ്റെ തന്നെ പ്രതീകമായും സഭാ പിതാക്കൻമാർ പഠിപ്പിക്കുന്നു. നിരണം കുരിശിൻ്റെ രൂപ ഘടന നൽകുന്ന സന്ദേശം സൃഷ്ടിയുടെ വീണ്ടെടുപ്പിനു വേണ്ടി മനുഷ്യനായ ദൈവപുത്രൻ തൻ്റെ രക്ഷാ സംഭവത്തിൽ കൂടിയുള്ള ഉയരത്തേയും ആഴത്തേയും തമ്മിൽ ഒന്നാക്കി ദൈവീകാനുഗ്രഹങ്ങൾ സർവ്വ സൃഷ്ടിയ്ക്കും നൽകുന്നു. വി. മാമോദീസായുടെ അനുഭവത്തിലൂടെ ആ രക്ഷയുടെ കൗദാശിക കൃപകൾ സ്വീകരിക്കാൻ നമ്മെ ക്ഷണിക്കുന്നു എന്നുള്ളതാകാം. ക്രിസ്തു സംഭവത്തിൻ്റെ (Christ Event) മർമ്മത്തെ ഭംഗിയായി മനസിലാക്കാൻ നിരണം കുരിശ് കാണുന്നവർക്ക് സാധിക്കും.

സംഗ്രഹം

അന്വേഷണവും, യാത്രയും ഒന്നിൻ്റെയും അവസാനമല്ല മറിച്ച് പുതിയ കാഴ്ച്ചയുടെയും അറിവാനുഭവത്തിൻ്റെ പുതു തുറവാണ് സമ്മാനിക്കുന്നത്. നിരണം പള്ളിയുടെ ചരിത്രവും ചരിത്ര ശേഷിപ്പുകളും അന്വേഷണങ്ങൾക്കും പഠനത്തിനുമായി തുറന്നിടുകയാണ്. മാർത്തോമാ ശ്ലീഹ സ്ഥാപിച്ച നിരണം പള്ളി എന്ന ഒറ്റവാക്കിൽ അത് ചുരുക്കുവാൻ അല്ല. പ്രത്യുത, ദൈവീക വെളിപാടിൻ്റെ മർമ്മത്തെ ജീവിക്കുന്ന ചുറ്റുപാടിൽ തിരിച്ചറിയാനും, അറിഞ്ഞ സത്യത്തെ മറ്റുള്ളവർക്ക് മനസിലാക്കാൻ കഴിയുന്ന രീതിയിൽ തങ്ങളുടെ കലപരമായ മികവ് ആരാധനാലയ നിർമ്മാണ വേളകളിൽ കൃത്യതയോടെ എങ്ങനെ വിനിയോഗിച്ചു എന്നും ചിന്തിക്കാൻ വേണ്ടിയാകണം നാം ചരിത്രം പഠിക്കേണ്ടത്. നിരണം കുരിശ് എന്ന് വിളിക്കപ്പെടുന്ന വി. മാമോദീസ തൊട്ടിയിലെ കുരിശിൻ്റെ അന്വേഷണം കൂടുതൽ അർത്ഥങ്ങൾ കണ്ടെത്താൻ സഹായിക്കട്ടെ എന്ന് മാത്രം ആശിക്കുന്നു.

ഫാ. ജിജോ നിരണം

You may also like

error: Content is protected !!