തൃശൂര്‍: കണിമംഗലം ശാസ്താവ് വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിയതോടെയാണ് പൂരം ദിവസത്തെ ചടങ്ങുകള്‍ക്ക് തുടക്കമായത്. ഉച്ചയ്ക്ക് രണ്ടരയോടെ ഇലഞ്ഞിത്തറ മേളം ആരംഭിച്ചു. കിഴക്കൂട്ട് അനിയന്‍മാരാരുടെ നേതൃത്വത്തിലാണ് ഇഞ്ഞിത്തറ മേളം നടന്നത്. ചെമ്പട കൊട്ടി പാണ്ടിയുടെ പാരമ്യത്തിലെത്തിയപ്പോൾ ആകാശത്തേക്ക് കൈ ഉയർത്തി പതിനായിരങ്ങൾ കൂടെ താളമിട്ടു. രണ്ടര മണിക്കൂറിലേറെ നീണ്ട ഇലഞ്ഞിത്തറമേളം കഴിഞ്ഞ് ഭഗവതിമാർ തെക്കോട്ടിറങ്ങിയപ്പോഴേക്കും മണി അഞ്ച് പിന്നിട്ടിരുന്നു. പിന്നെ വർണക്കുട മാറ്റം. പാറേമക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ തെക്കോട്ടിറക്കം പൂര്‍ത്തീകരിച്ചതോടെയാണ് കുടമാറ്റത്തിന് തുടക്കമായത്. പാറേമക്കാവ് വിഭാഗമാണ് ആദ്യം പുറത്തേക്കിറങ്ങിയത്. പിന്നാലെയാണ് തിരുവമ്പാടി വിഭാഗം പുറത്തിറങ്ങിയത്.
തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ 15 ഗജവീരൻമാർ ഇരുഭാഗങ്ങളിലായി നിരന്ന് കാഴ്ചയുടെ വര്‍ണ വിസ്മയം തീര്‍ത്തു. പാറമേക്കാവും തിരുവമ്പാടിയും മൽസരിച്ച് കുടകൾ മാറ്റി. സാമ്പ്രദായിക കുടകൾക്കപ്പുറത്ത് സ്പെഷ്യൽ കുടകൾ നിരത്തി പൂരനഗരിയിൽ പ്രകമ്പനം തീർത്തു തിരുവമ്പാടിയും പാറേക്കാവും. ഗണപതിയും വിഷ്ണുവും കൃഷ്ണനും ദുര്‍ഗ ദേവിയും മാവേലിയും കലോത്സവത്തിന്റെ സ്വര്‍ണ കപ്പും ചെണ്ട കൊട്ടുന്ന ബാലനുമടക്കം കൗതുകമുണര്‍ത്തുന്ന കുടകളാണ് ഇരു വിഭാഗവും ഒരുക്കിയത്. ഇരുട്ടു വീണപ്പോഴേക്കും പൂരനഗരിയിൽ പ്രഭതൂകി എൽഇഡി കുടകൾ ആകാശത്തുയർന്നു. ആരവം മുഴക്കി ജനക്കൂട്ടം പൂര സന്തോഷത്തെ ഹൃദയത്തിലേറ്റി. ഒടുവിൽ തുല്യം ചാർത്തി ഭഗവതിമാർ ദേശങ്ങളിലേക്ക് മടങ്ങി.
ഇന്ന് പകല്‍പ്പൂരവും പിന്നിട്ട്, ഉച്ചയോടെ തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥനെ സാക്ഷിയാക്കി ഉപചാരം ചൊല്ലുന്നതോടെയാണ് പൂരം പിരിയുക.