വയനാട് എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. കസവ് സാരിയുടുത്താണ് പ്രിയങ്ക തന്റെ കന്നി പാർലമെന്റ് പ്രവേശനത്തിന് എത്തിയത്. ഭരണഘടനയുടെ ചെറുപതിപ്പ് ഉയർത്തിക്കാട്ടിയായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ. കേരളത്തിൽനിന്നുള്ള ഏക വനിത ലോക്‌സഭാംഗമാണ് പ്രിയങ്ക. ഇതോടുകൂടി സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ ഗാന്ധി കുടുംബത്തിലെ മൂന്ന് പേരും പാർലമെന്റിന്റെ ഭാഗമാകുന്നു എന്നതും ഒരു പ്രത്യേകതയാണ്. ലോക്സഭയിലെത്തിയ പ്രിയങ്കയെ കോൺഗ്രസ് എംപിമാർ കരഘോഷത്തോടെയാണ് വരവേറ്റത്. സത്യപ്രതിജ്ഞ കാണാൻ അമ്മ സോണിയ ഗാന്ധി ഗാലറിയിൽ എത്തിയിരുന്നു. ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മക്കള്‍, റോബര്‍ട്ട് വാദ്രയുടെ അമ്മ എന്നിവര്‍ പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തി.
വയനാട്ടിൽ പ്രിയങ്ക ഗാന്ധി 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കന്നിയങ്കം ജയിച്ചത്. മണ്ഡലത്തിൽ രാഹുൽ ഗാന്ധി മേയിൽ നേടിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കുകയും ചെയ്തിരുന്നു. നവംബര്‍ 30 നും ഡിസംബര്‍ ഒന്നിനും പ്രിയങ്ക വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തും. 30-ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദര്‍ശനം നടത്തുക. ഒന്നിന് വയനാട് ജില്ലയിലും സന്ദര്‍ശനം നടത്തും