കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി’ പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ തിയറ്ററുകളിലേക്ക്. കേരളത്തിലെ പരിമിത സ്ക്രീനുകളിലാണ് ചിത്രം ശനിയാഴ്ച മുതൽ പ്രദർശനത്തിനെത്തുന്നത്. ബാഹുബലി താരം റാണ ദഗ്ഗുബതിയുടെ പ്രൊഡക്ഷൻ ഹൗസ് സ്പിരിറ്റ് മീഡിയയാണ് മലയാളം-ഹിന്ദി ചിത്രം ഇന്ത്യയിൽ വിതരണം ചെയ്യാനുള്ള അവകാശം നേടിയത്. പായൽ കപാഡി സംവിധാനം ചെയ്ത ചിത്രം ഫ്രാൻസിലെയും ഇന്ത്യയിലെയും നിർമാണ കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് നിർമിച്ചിരുന്നത്.
പായലിന്റെ ആദ്യ ഫീച്ചർ ഫിലിമാണ് ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’. മുംബൈയിലെ രണ്ട് നഴ്സുമാരുടെ ജീവിതമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. കനി കുസൃതി, ദിവ്യപ്രഭ എന്നീ മലയാളി നടിമാരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമയാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. മുംബൈയിലും രത്‌നഗിരിയിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ തിരക്കഥാകൃത്തും പായൽ കപാഡിയയാണ്.