ഇന്ത്യയും പാകിസ്ഥാനും തമ്മിലെ സംഘർഷം തുടരവെ പാക്കിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ബലൂചിസ്ഥാൻ. പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യകളിലൊന്നായ ബലൂചിസ്ഥാനെ സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഈ സാഹചര്യം മുതലെടുക്കുകയാണ്. ബലൂചിസ്ഥാനിൽ പാക്കിസ്ഥാൻ സൈന്യത്തിന് നേരെ വ്യാപക ആക്രമണം ആണ് അവർ നടത്തുന്നത്. ഇന്നലെ പ്രശസ്ത എഴുത്തുകാരനായ മിർ യാർ പാക്കിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, ഇന്ത്യ ആ രാജ്യത്തെ അംഗീകരിക്കുകയും ന്യൂഡൽഹിയിൽ ഒരു എംബസി സ്ഥാപിക്കുകയും ചെയ്യണമെന്നും, ഐക്യരാഷ്ട്രസഭ സമാധാന സേനയെ വിന്യസിക്കണമെന്നും, പാക്കിസ്ഥാൻ സൈന്യം പിന്മാറണമെന്നും ആവശ്യപ്പെട്ടു.
രാഷ്ട്രീയമായ പുറന്തള്ളൽ, സാമ്പത്തിക ചൂഷണം, വ്യവസ്ഥാപിതമായ മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ ആരോപിച്ച് ബലൂച് ജനത പാക്ക് ഭരണകൂടത്തിനെതിരെ വർഷങ്ങളായി പോരാടുകയാണ്. ബലൂചിസ്ഥാൻ പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണെങ്കിലും, ലാഭം പാക്കിസ്ഥാൻ സർക്കാരും വിദേശ സ്‌ഥാപനങ്ങളുമാണ് കൊയ്യുന്നതെന്നും ഇത് പ്രാദേശിക ജനങ്ങളെ ദാരിദ്ര്യത്തിലും അവഗണനയിലും തള്ളിവിടുന്നുവെന്നും ബലൂച് പോരാളികൾ വാദിക്കുന്നു. ഈ മേഖലയിലെ കനത്ത സൈനിക സാന്നിധ്യം സംരക്ഷണമല്ല, അടിച്ചമർത്തലായാണ് വ്യാപകമായി കാണുന്നത്. ബലൂച് ദേശീയവാദികളും കേന്ദ്ര അധികാരികളും തമ്മിലുള്ള വർധിച്ചുവരുന്ന ഈ അകൽച്ച മേഖലയിൽ വലിയ അസ്ഥിരതയാണ് സൃഷ്ഠിക്കുന്നത്.
ബലൂചിസ്ഥാനിലെ മാത്രമല്ല, അഫ്ഗാൻ അതിർത്തിയിലെ അസ്വസ്ഥതകളും പാക്കിസ്ഥാന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇന്ത്യയും പാക്കി നും തമ്മിലെ സംഘർഷം തുടരവെ, പഷ്തൂണുകളെ പ്രശ്നത്തിലേക്ക് വലിച്ചിഴക്കരുതെന്ന് താലിബാൻ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി. താലിബാൻ നേതാവും പാകിസ്ഥാനിലെ മുൻ അഫ്ഗാൻ അംബാസഡറുമായ മുല്ല അബ്ദുൾ സലാം സയീഫാണ് മുന്നറിയിപ്പ് നൽകിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ രൂക്ഷമായ ഭാഷയിൽ അദ്ദേഹം പാക്കിസ്ഥാനെ വിമർശിച്ചു. ജിഹാദിന്റെ പേരിൽ പാക്കിസ്ഥാൻ പഷ്തൂൺ സമുദായങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിച്ചേക്കാമെന്ന് സയീഫ് മുന്നറിയിപ്പ് നൽകി.
യാത്രാ വിമാനങ്ങളെ മറയാക്കി പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം തുടരുന്നു.