ന്യൂഡൽഹി: ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ കാശ്‌മീരിലെ പൂഞ്ച് സെക്‌ടറിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു സൈനികനും ഉൾപ്പെടുന്നു. 57 പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൂഞ്ച് സ്വദേശികളായ കാശ്മീരികളാണ് മരിച്ചവരെല്ലാം.
പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിനു പിന്നാലെ ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ലഫ്. ഗവർണർ മനോജ് സിൻഹ ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഏതു സാഹചര്യത്തെയും നേരിടാൻ പൂർണ സജ്ജമാണെന്നും സിൻഹ പറഞ്ഞു.
പൂഞ്ചിൽ അതിർത്തി പ്രദേശത്തെ മലമുകളിൽ നിലയുറപ്പിച്ച പാക് സൈനികർ നിരപരാധികളായ നാട്ടുകാർക്ക് നേരേ ഷെല്ലാക്രമണം നടത്തുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് പാക് സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുഞ്ച്, രജൗരി ജില്ലകളിലെ ഉറി, കർണ, തങ്ധർ മേഖലകളിലും പാക് ഷെൽ ആക്രമണം ഉണ്ടായി. നിരവധി വീടുകൾ തകർന്നു. ഷെല്ലാക്രമണത്തിന് ഇന്ത്യൻ സൈന്യം ഉചിതമായ രീതിയിൽ മറുപടി നൽകുന്നുണ്ടെന്ന് സൈനിക വക്താവ് അറിയിച്ചു. ഇന്ന് ഉച്ചവരെ അതിർത്തിക്കപ്പുറത്തു നിന്നുള്ള ഷെല്ലാക്രമണം ശക്തമായിരുന്നു. പിന്നീട് ഇടയ്ക്കിടെ തുടരുന്നതായും സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അതിനിടെ പാകിസ്ഥാൻ ഇനിയും ആക്രണത്തിന് മുതിർന്നാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി. വിദേശ രാജ്യങ്ങളോടാണ് ഇക്കാര്യത്തിൽ ഇന്ത്യ നിലപാടറിയിച്ചത്. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാൻ തങ്ങൾ മടിക്കില്ലെന്നും വിദേശ നയതന്ത്ര പ്രതിനിധികളെ ഇന്ത്യ അറിയിച്ചു. ഇന്ത്യ ഇതുവരെ ഒരു സൈനിക കേന്ദ്രം പോലും തകർത്തിട്ടില്ലെന്നും തകർത്തത് പാക്കിസ്ഥാനിലെ ഭീകരാക്രമണ കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
ഷെല്ലാക്രമണത്തിൻ്റെ പശ്‌ചാത്തലത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മിഷണർമാരുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ അടിയന്തര യോഗം ചേർന്നു. അതിർത്തി ജില്ലകൾക്ക് 5 കോടി രൂപ വീതവും മറ്റു ജില്ലകൾക്ക് 2 കോടി രൂപയും അടിയന്തരമായി അനുവദിക്കാൻ അദ്ദേഹം നിർദേശം നൽകി. അതിർത്തി പ്രദേശങ്ങളിൽ ജനങ്ങൾക്കായി കൂടുതൽ ഷെൽട്ടറുകളും ബങ്കറുകളും ഒരുക്കണമെന്നും ആവശ്യത്തിനുള്ള ഭക്ഷ്യവസ്‌തുക്കൾ കരുതണമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ശ്രീനഗറിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ 10 ജില്ലകളിലായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
‘ഓപ്പറേഷന്‍ സിന്ദൂറി’ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം തുടരുന്നതിനിടെ പാക് ജനതയെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അഭിസംബോധന ചെയ്‌തു. ഇന്ത്യയുടെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു. നേരത്തേ പാക് ദേശീയ അസംബ്ലിയിലും പ്രകോപനപരമായ പ്രതികരണം ആണ് പാക് പ്രധാനമന്ത്രി നടത്തിയത്. പാക്കിസ്ഥാനില്‍ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്നും വിളക്കുകള്‍ പൂര്‍ണമായും അണക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ലാഹോര്‍, ഇസ്ലാമാബാദ്, കറാച്ചി മേഖലകളിലാണ് പ്രധാനമായും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ പാക്കിസ്ഥാനിലെ ലഷ്‌കര്‍-ഇ- തൊയ്ബ, ജെയ്ഷ്-ഇ- മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു വ്യോമ- കര- നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍. പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ‘ഓപ്പറേഷന്‍ സിന്ദൂര്‍’.