Sunday, August 31, 2025
Mantis Partners Sydney
Home » ദീപാവലിയ്ക്ക് ജി.എസ്.ടി-യിൽ ‘ബിഗ് സർപ്രൈസ്’, ഭീകരവാദികളെയും അവരെ സഹായിക്കുന്നവരെയും ഒന്നായി കാണും; ചെങ്കോട്ടയിൽ പ്രധാനമന്ത്രി
ദീപാവലിയ്ക്ക് ജി.എസ്.ടി-യിൽ ‘ബിഗ് സർപ്രൈസ്’, ഭീകരവാദികളെയും അവരെ സഹായിക്കുന്നവരെയും ഒന്നായി കാണും; ചെങ്കോട്ടയിൽ പ്രധാനമന്ത്രി

ദീപാവലിയ്ക്ക് ജി.എസ്.ടി-യിൽ ‘ബിഗ് സർപ്രൈസ്’, ഭീകരവാദികളെയും അവരെ സഹായിക്കുന്നവരെയും ഒന്നായി കാണും; ചെങ്കോട്ടയിൽ പ്രധാനമന്ത്രി

by Editor

ന്യൂഡല്‍ഹി: 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി. ദീപാവലിയോടെ ജി.എസ്.ടി-യിൽ വൻ പരിഷ്കാരം നടപ്പാക്കുമെന്നും നിത്യോപയോഗ സാധനങ്ങളുടെ നികുതിഭാരം വെട്ടിക്കുറയ്ക്കുെമന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ നികുതി വ്യവസ്ഥ, അവശ്യ സേവനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുറയും. സാധാരണക്കാർക്ക് പ്രയോജനകരമാകുന്ന രീതിയിലാകും നികുതി പരിഷ്കരണമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എം.എസ്.എം.ഇ മേഖലയെ ഉത്തേജിപ്പിക്കാനും നികുതി പരിഷ്കരണം സഹായിക്കും. നിലവിലെ ജി.എസ്.ടി സംവിധാനത്തിൽ 0% മുതൽ 28% വരെ അഞ്ച് പ്രധാന നികുതി സ്ലാബുകളുണ്ട്. മിക്ക ഉൽപ്പന്നങ്ങൾക്കും 12%, 18% എന്നിവയാണ് സാധാരണ നിരക്കുകൾ. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചനകൾ നടത്തിയതായും ഉടൻ പ്രാബല്യത്തിൽ വരുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

103 മിനിറ്റ് (1 മണിക്കൂർ 43 മിനിറ്റ്) നീണ്ടു നിന്ന ദൈർഘ്യമേറിയ പ്രസംഗമാണ് പ്രധാനമന്ത്രി ഇന്ന് നടത്തിയത്. ഓപ്പറേഷൻ സിന്ദൂർ, നികുതിയിളവ് പ്രഖ്യാപനം അടക്കം പരാമർശിച്ച ഇന്നത്തെ പ്രസംഗം അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ തന്നെ ഏറ്റവും ദൈർഘ്യമേറിയതാണ്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ 98 മിനിറ്റ് പ്രസംഗത്തിന്റെ സ്വന്തം റെക്കോർഡാണ് അദ്ദേഹം മറികടന്നത്. ആത്മാഭിമാനത്തിന്റെ ഉത്സവമാണ് കൊണ്ടാടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോടിക്കണക്കിന് മനുഷ്യരുടെ സ്വപ്ന സാക്ഷാത്കാരമാണ് സ്വാതന്ത്ര്യമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഭരണഘടനാ ശില്‍പികളേയും സ്വാതന്ത്ര്യസമര സേനാനികളേയും മോദി അനുസ്മരിച്ചു.

ഇന്ന് മുതൽ രാജ്യത്തെ യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ ഒരു പദ്ധതി ആരംഭിക്കും എന്ന് മോദി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന നടപ്പിലാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പദ്ധതി പ്രകാരം, സ്വകാര്യ മേഖലയിൽ ആദ്യമായി ജോലി നേടുന്ന യുവാക്കൾക്കും യുവതികൾക്കും സർക്കാരിൽ നിന്ന് ₹15,000 ലഭിക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന കമ്പനികൾക്ക് പ്രോത്സാഹന തുക നൽകും. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോജ്ഗർ യോജന യുവാക്കൾക്ക് ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദേഹം വ്യക്തമാക്കി. 2047 വിദൂരമല്ല, ഇത് മുന്നേറാനുള്ള സമയം. സർക്കാർ നിങ്ങളോടൊപ്പം ഉണ്ട്. നമുക്ക് പുതിയ ചരിത്രം സൃഷ്ടിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നിർമ്മാണ ദൗത്യം ആവേശത്തോടെ മുന്നോട്ട് നീങ്ങുന്നു. നാം ഗുണനിലവാരത്തിൽ ഉയർന്ന മൂല്യങ്ങൾ കൈവരിക്കണം. വിലകുറവ് ഉന്നത ഗുണനിലവാരം എന്ന മുദ്രാവാക്യം സ്വീകരിക്കണം എന്നും മോദി ആവശ്യപ്പെട്ടു.

കോടിക്കണക്കിന് പേരുടെ ത്യാഗങ്ങൾ കൊണ്ട് സ്വാതന്ത്ര്യം ലഭിച്ച എങ്കിൽ, കോടിക്കണക്കിന് പേർ മനസ്സുവച്ചാൽ സമൃദ്ധ ഭാരതം സാധ്യമാകും. സമൃദ്ധ ഭാരതം ഈ സമയത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ രാഷ്ട്രീയ പാർട്ടികളോടും ആഹ്വാനം ചെയ്യുന്നു, ഇതേതെങ്കിലും പാർട്ടിയുടെതല്ല. രാജ്യം നമ്മുടേത് എല്ലാവരുടേതും ആണ്. രാജ്യത്തെ ജനങ്ങളുടെ വിയർപ്പിൽ നിന്നും നിർമ്മിച്ച ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുക. കർഷകരെയും, പിന്നാക്ക വിഭാഗങ്ങളയും സർക്കാർ ഒരിക്കലും കൈവിടില്ല. എന്നും അവർക്കൊപ്പമാണ്. ഗരീബി ഹഠാവോ മുദ്രാവാക്യവും ഇപ്പോൾ യഥാർത്ഥ്യമായി. രാജ്യത്തെ ഓരോ കുടുംബത്തെയും കുറിച്ചും തനിക്ക് ചിന്തയുണ്ടെന്നും മോദി.

അതിവേഗം മുന്നേറുകയാണ് ഇന്ത്യ. വളരെ വേഗം നമ്മൾ ഈ ലക്ഷ്യം കൈവരിക്കും. ഒരു ദിവസം, ചെങ്കോട്ടയിൽ നിന്ന് ഈ വാർത്ത ഞാൻ നിങ്ങളുമായി പങ്കിടും. ദാരിദ്ര്യം എന്താണെന്ന് തനിക്ക് പുസ്തകത്തിൽ നിന്നും പഠിക്കേണ്ടതില്ല, തനിക്ക് അറിയാം. സർക്കാർ രാജ്യത്ത് ജനങ്ങളുടെ ജീവിതത്തിൽ ഉണ്ടാകണം. ദളിത് ആദിവാസി അടക്കമുള്ള വിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി നിരന്തരമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക ഭാഷകളെ പ്രകീർത്തിച്ച പ്രധാനമന്ത്രി. നമ്മുടെ എല്ലാ ഭാഷകളെക്കുറിച്ചും അഭിമാനിക്കണമെന്നും ആവശ്യപ്പെട്ടു.

ആത്മനിർഭർ ഭാരതാണ് ഇന്ത്യയുടെ വഴിയെന്ന് ആവർത്തിച്ച മോദി ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ടെന്ന് പറഞ്ഞ് യുഎസിന്റെ ‘തീരുവ ഭീഷണി’യെ പരോക്ഷമായും വിമർശിച്ചു. സാങ്കേതിക വിദ്യയിൽ ഇന്ത്യ ഏറെ മുന്നേറിയെന്നും വൈകാതെ ഇന്ത്യയിൽ നിർമിച്ച ചിപ്പുകൾ വിപണിയിൽ നിറയുമെന്നും പറഞ്ഞു. ഇന്ത്യയിൽ തന്നെ യുദ്ധവിമാനങ്ങൾ വികസിപ്പിക്കുക എന്നതാണ് അടുത്ത ലക്ഷ്യം. ഇന്ത്യയുടെ ഭാവി പുനർനിർമിക്കേണ്ടതുണ്ട്. ഇതു വിവരസാങ്കേതികവിദ്യയുടെ യുഗമാണ്. നമുക്ക് സ്വന്തമായി ഒരു എഐ ആവാസവ്യവസ്‌ഥ വേണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ ലോക വിപണിയെ ഭരിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.

പ്രസംഗത്തില്‍ ആര്‍എസ്എസിനെയും മോദി പുകഴ്ത്തി. ആർഎസ്എസിന്‍റെ നൂറ് വർഷത്തെ രാഷ്ട്ര സേവനം സമാനതകളില്ലാത്തതെന്നും സമർപ്പണത്തിന്‍റെ ഇതിഹാസമെന്നും മോദി പറഞ്ഞു. ഇനിയും മുൻപോട്ട് നീങ്ങാനുള്ള ഊർജ്ജമാണ് ആർഎസ് എസ് നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ട മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പഹൽഗാമിൽ മതം ചോദിച്ച് നിഷ്കളങ്കരെ വകവരുത്തിയവരെ നേരിടാൻ ഇന്ത്യൻ സേനയ്ക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയെന്നും മോദി പറഞ്ഞു. പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ടെന്ന് ആവർത്തിച്ച മോദി, സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ലെന്നും രക്‌തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഓർമിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്നത് ഇന്ത്യയുടെ രോഷത്തിന്റെ പ്രകടനമാണെന്നും പ്രതികാരത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ച സൈന്യം സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് രാജ്യത്തിനായി ചെയ്ത‌തെന്നും അദ്ദേഹം പറഞ്ഞു. ആത്മ നിർഭർ ഭാരത് എന്താണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചു. രാജ്യം സ്വയം പര്യാപ്തതത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ രാജ്യം തയ്യാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നക്സലിസത്തിനും, മാവോ വാദത്തിനും വിലങ്ങിടും. നുഴഞ്ഞുകയറ്റത്തെ ചെറുക്കും. രാജ്യത്തെ നുഴഞ്ഞ് കയറ്റക്കാർക്ക് വിട്ടു കൊടുക്കില്ല. നക്സലിസത്തിനും, മാവോ വാദത്തിനും വിലങ്ങിടും. ചുവന്ന തീവ്രവാദത്തെ തൂത്തെറിയും. മുന്നേറാനുള്ള യഥാര്‍ഥ സമയമാണ് ഇത്. നമുക്ക് ഒന്നിച്ച് മുന്നേറാം. എന്ന് പറഞ്ഞു കൊണ്ടാണ് മോദി പ്രസംഗം അവസാനിച്ചത്.

ചെങ്കോട്ടയില്‍ തുടര്‍ച്ചയായി 12 സ്വാതന്ത്ര്യദിന പ്രസംഗങ്ങള്‍ നടത്തിയതോടെ മോദി മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. തുടര്‍ച്ചയായി 11 തവണ സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയ ഇന്ദിരാഗാന്ധിയെ മോദി മറികടന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിപദത്തിലിരുന്ന ജവാഹർലാൽ നെഹ്റു (1947 മുതൽ 1963 വരെ) തുടർച്ചയായി 17 തവണ ചെങ്കോട്ടയിൽനിന്ന് രാജ്യത്തെ അഭിസംബോധന ചെയ്‌തിട്ടുണ്ട്. ഇതാണ് റെക്കോഡ്. മുൻപ്രധാനമന്ത്രി മൻമോഹൻ സിങ് പത്തു തവണയും (2004 മുതൽ 2014 വരെ) ചെങ്കോട്ടയിൽനിന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. കഴിഞ്ഞ തവണ മൻമോഹൻ സിങ്ങിൻ്റെ ഈ റെക്കോഡ് മോദി തകർത്തിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!