ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 60 ആയി. മരിച്ചവരിൽ രണ്ട് CISF ജവാന്‍മാരും ഉൾപ്പെടും. കിഷ്ത്വാറിലെ ചൊസ്തി മേഖലയിൽ നിരവധി പേരെ കാണാതായി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരന്തത്തിൽ 167 ഓളം ആളുകൾക്ക് പരുക്കേറ്റിട്ടുണ്ട്. കാര്യമായ നാശനഷ്ട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. എന്‍ഡിആര്‍എഫും എസ്ഡിആര്‍എഫും സുരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും സ്ഥിതിഗതികൾ വിലയിരുത്തി. ജമ്മു കാശ്മീരിന് എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സേനാവിഭാഗങ്ങൾക്ക് നിർദേശം നൽകി.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കിഷ്ത്വാറിലെ മചൈല്‍ മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്‌ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്. മരിച്ചവരിൽ ഏറെയും തീർത്ഥാടകരാണ് എന്നാണ് വിവരം. മചയിൽ മാതാ തീർത്ഥടകർക്കായി തയ്യാറാക്കിയ സമൂഹ അടുക്കള മിന്നൽ പ്രളയത്തിൽ പൂർണമായി ഒലിച്ചു പോയി. ഭക്ഷണം കഴിക്കാൻ കാത്തുനിന്ന നൂറു കണക്കിന് തീർത്ഥാടകരെ കുത്തിയൊലിച്ചെത്തിയ പ്രളയജലത്തിൽ കാണാതായി. പ്രളയത്തെ തുടർന്ന് ക്ഷേത്രത്തിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.