അങ്കാറ: പടിഞ്ഞാറൻ തുർക്കിയിലെ സിന്ദിർഗിയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി തുർക്കി ദുരന്ത നിവാരണ ഏജൻസി (AFAD) അറിയിച്ചു. ഇസ്താംബൂളും വിനോദസഞ്ചാര കേന്ദ്രമായ ഇസ്മിറും ഉൾപ്പെടെ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള നിരവധി നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി ആളുകൾ പറഞ്ഞു. ഒരു മരണവും 29 പേർക്ക് പരുക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭൂകമ്പത്തെത്തുടർന്ന് ബാലികേസിർ പ്രവിശ്യയിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്നലെ രാത്രി രാത്രി 7:53 നാണ് ഭൂകമ്പം ഉണ്ടായത്, കുറച്ച് മിനിറ്റുകൾക്ക് ശേഷം 4.6 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായതായി റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ ആദ്യം ഇതേ മേഖലയിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഒരാൾ മരിക്കുകയും 69 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2023 ഫെബ്രുവരിയിൽ തെക്കുപടിഞ്ഞാറൻ പ്രദേശത്തുണ്ടായ ഭൂകമ്പത്തിൽ കുറഞ്ഞത് 53,000 പേർ കൊല്ലപ്പെടുകയും പുരാതന നഗരമായ അന്ത്യോക്യ സ്ഥിതി ചെയ്തിരുന്ന അന്റക്യയെ തകർക്കുകയും ചെയ്തിരുന്നു.