ഗാസ സിറ്റി: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയിലെ അഞ്ച് ജീവനക്കാരാണ് ഇസ്രയേല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. റിപ്പോർട്ടർമാരായ അനസ് അൽ ഷെറിഫ്, മുഹമ്മദ് ഖ്റേയ്ഖ്, ക്യാമറാമാൻമാരായ ഇബ്രാഹിം സഹെർ, മൊഅമെൻ അലിവ, മുഹമ്മദ് നൗഫൽ എന്നിവരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫാ ആശുപത്രി ഗേറ്റിന് സമീപം ഇവർ കഴിഞ്ഞിരുന്ന ടെന്‍റിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ഹമാസിന്‍റെ ഭീകര സെല്ലിന്‍റെ തലവനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ സൈന്യത്തിന്‍റെ പ്രതികരണം. കൊല്ലപ്പെട്ട അനസ് അൽ ഷെരീഫിനെ മാധ്യമ പ്രവർത്തകനായി വേഷമിട്ട തീവ്രവാദി എന്നാണ് ഇസ്രയേൽ സൈന്യം അധിക്ഷേപിച്ചത്. ഹമാസിന്റെ സായുധ വിഭാഗമായ ഒരു യൂണിറ്റിനെ നയിച്ചിരുന്നത് അല്‍ ഷരീഫാണെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേല്‍ സൈന്യം ഏറ്റെടുത്തു.
അല്‍ ഷിഫ ആശുപത്രിയുടെ പ്രധാന കവാടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള ടെന്റില്‍ ഇരിക്കുമ്പോഴാണ് ആക്രമണമുണ്ടായതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള നഗ്നവും ആസൂത്രിതവുമായ ആക്രമമാണിതെന്ന് അല്‍ ജസീറ പ്രസ്താവനയില്‍ അറിയിച്ചു. ഗാസ മുനമ്പില്‍ സംഭവിക്കുന്നതെന്തെന്ന് ലോകത്തെ അറിയിക്കാനുള്ള ‘ഒരേയൊരു ശബ്ദമായിരുന്നു’ മാധ്യമപ്രവര്‍ത്തകനായ അല്‍ ഷരീഫിന്റേതെന്ന് അല്‍ ജസീറ മാനേജിങ് എഡിറ്റര്‍ മുഹമ്മദ് മോവാദ് പറഞ്ഞു.
ഗാസയിൽ 22 മാസമായി തുടരുന്ന യുദ്ധത്തിൽ ഇതുവരെ 200-ലേറെ മാധ്യമ പ്രവർത്തകർ ആണ് കൊല്ലപ്പെട്ടത്.