ജിദ്ദ: സൗദിയിൽ ഇന്ത്യക്കാരായ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് 42 പേർ മരിച്ചു. മക്കയിൽ നിന്നും മദീനയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഹൈദരബാദ് സ്വദേശികളാണ് ബസിലുണ്ടായത്. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെ ആയിരുന്നു അപകടം.
മരിച്ചവരിൽ 11 സ്ത്രീകളും 10 കുട്ടികളും ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം. വാഹനം കത്തിയ നിലയിൽ ആയതിനാൽ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒരാൾ രക്ഷപ്പെട്ടതായാണ് വിവരം. മക്കയിലെ കർമ്മങ്ങൾ പൂർത്തിയാക്കി മദീനയിലേക്ക് പോകുകയായിരുന്നു സംഘം. അപകട സമയത്ത് മിക്കവരും ഉറക്കത്തിലായിരുന്നു.
ബസിലെ യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് ഔദ്യോ ഗിക സ്ഥിരീകരണം വന്നിട്ടില്ല. വാഹനം പൂർണമായും കത്തിപ്പോയതിനാൽ മൃതദേഹങ്ങൾ തിരിച്ചറിയുന്നത് ദുഷ്‌കരമാണ്. അതിനാൽ കൂടുതൽ പരിശോധനയ്ക്ക് ശേഷമേ മരിച്ചവരെ കുറിച്ച് സ്ഥിരീകരണമുണ്ടാകൂ.



