ഹനോയ്: വടക്കൻ വിയറ്റ്നാമിൽ ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് എട്ട് കുട്ടികൾ ഉൾപ്പെടെ 34 പേർ മരിക്കുകയും 8 പേരെ കാണാതാവുകയും ചെയ്‌തു. വിയറ്റ്‌നാമിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഹാ ലോങ് ബേയിലേക്ക് 48 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി തിരിച്ച വണ്ടർ സീ ബോട്ടാണ് മറിഞ്ഞത്. തലസ്ഥാനമായ ഹനോയിയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ വിയറ്റ്നാമീസ് കുടുംബങ്ങളായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും എന്നാണ് റിപ്പോർട്ട്. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ശക്തമായ കൊടുങ്കാറ്റിൽ ബോട്ട് മറിഞ്ഞത്.
അപകടത്തിൽ കാണാതായവർക്കുള്ള തിരിച്ചലിന് കനത്ത മഴ തടസ്സം സൃഷ്ടിക്കുന്നതായാണ് രക്ഷാപ്രവർത്തകരെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽപ്പെട്ട 11 പേരെ രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ക്വാങ് നിൻ പ്രവിശ്യയിലെ ഹാ ലോങ് ബേ നൂറുകണക്കിന് ചെറിയ ദ്വീപുകളാൽ നിറഞ്ഞിരിക്കുന്ന പ്രദേശമാണ്. 2019-ൽ 4 ദശലക്ഷം വിനോദസഞ്ചാരികൾ ഇവിടെ സഞ്ചരിച്ചിരുന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെട്ട സ്ഥലം കൂടിയാണ് അപകടം നടന്ന ഹാ ലോങ് ബേ.