Saturday, July 19, 2025
Mantis Partners Sydney
Home » ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം; തന്റെ രാഷ്ട്രീയ ഗുരുവെന്ന് രാഹുൽ ഗാന്ധി.
ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം; തന്റെ രാഷ്ട്രീയ ഗുരുവെന്ന് രാഹുൽ ഗാന്ധി.

ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം; തന്റെ രാഷ്ട്രീയ ഗുരുവെന്ന് രാഹുൽ ഗാന്ധി.

by Editor

പുതുപ്പള്ളി, കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. കെപിസിസിയുടെ നേതൃത്വത്തിൽ പുതുപ്പള്ളിയിൽ നടന്ന അനുസ്മരണ പരിപാടി ഉമ്മൻചാണ്ടി സ്മ‍‍ൃതി സംഗമം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്‌തു. ഉമ്മന്‍ ചാണ്ടിയാണ് തന്റെ രാഷ്ട്രീയ ഗുരുവാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഉമ്മന്‍ചാണ്ടിയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് വഴികാട്ടിത്തന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് രാഹുൽ ഗാന്ധി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രവർത്തകരെ അഭിസംബോധന ചെയ്തത്.

പല അർഥത്തിലും ഉമ്മൻ ചാണ്ടി എൻ്റെ ഗുരു ആണ്. കേരളത്തിലെ പലർക്കും ഉമ്മൻ ചാണ്ടി അങ്ങനെ ആണ്. അദ്ദേഹം കാട്ടി തന്ന വഴിയിലൂടെയാണ് നടക്കുന്നത്. ജനങ്ങളുടെ വികാരങ്ങൾ മനസിലാക്കി അവർക്കായി ചിന്തിച്ച നേതാവായിരുന്നു ഉമ്മൻ ചണ്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയിൽ നിന്ന് ഒരുപാട് പഠിച്ചു. ഡോക്ടർമാർ അനുവദിക്കാതിരുന്നിട്ടും ഉമ്മൻചാണ്ടി ഭരത് ജോഡോയിൽ നടക്കാൻ വന്നു. ഒടുവിൽ ഞാൻ നിർബന്ധിച്ചാണ് അദ്ദേഹത്തെ മടക്കി അയച്ചത്. കേരള രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയെ പോലെ ഉള്ളവർ ഉണ്ടാകണം. ഉമ്മൻ ചാണ്ടിക്ക് രാഷ്ട്രീയതിൽ ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നുവെന്നും എന്നിട്ടും അദ്ദേഹം ആരെക്കുറിച്ചും മോശം പറഞ്ഞില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ ജനങ്ങള്‍ക്കുവേണ്ടി ചിന്തിക്കണം. ജനങ്ങളുടെ വികാരങ്ങള്‍ മനസിലാക്കണം. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഞാന്‍ അത്തരത്തില്‍ കണ്ടിട്ടുളള ഒരാള്‍ ഉമ്മന്‍ചാണ്ടിയായിരുന്നു. 21 വര്‍ഷത്തെ അനുഭവത്തില്‍ ഉമ്മന്‍ചാണ്ടിയെപ്പോലെ മനുഷ്യനെ മനസിലാക്കുന്ന മറ്റൊരാളെ കണ്ടിട്ടില്ല’ എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ കല്ലറയിൽ രാഹുൽ ഗാന്ധി രാവിലെ പുഷ്‌പാർച്ചന നടത്തി. തുടർന്ന് രാഹുൽ പുതുപ്പള്ളി സെന്റ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെത്തി. പുതുപ്പള്ളി സെന്റ്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി ഗ്രൗണ്ടിലെ പന്തലിലായിരുന്നു പൊതുസമ്മേളനം. മത,സാമുദായിക, സംഘടന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

പ്രഭാതനമസ്കാരത്തിനും കുർബാനയ്ക്കും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിച്ചു. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ് സഹകാർമികരായി. രാവിലെ 8.15നു കല്ലറയിൽ പ്രാർഥന നടന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് സംസ്‌ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള നേതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു.

Send your news and Advertisements

You may also like

error: Content is protected !!