ന്യൂഡൽഹി: 2030-ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും. ഇത് രണ്ടാം തവണയാണ് ഇന്ത്യ കോമൺവെൽത്തിൻ്റെ വേദിയാകുന്നത്. കോമൺവെൽത്ത് സ്പോർട്സ് എക്സിക്യൂട്ടീവ് ബോർഡ് ആണ് ശുപാർശ ചെയ്തത്. കോമൺവെൽത്ത് സ്പോർട്സ് ഇവാലുവേഷൻ കമ്മിറ്റി മേൽനോട്ടം വഹിച്ച വിശദമായ പ്രക്രിയയെ തുടർന്നാണ് അഹമ്മദാബാദിനെ ശുപാർശ ചെയ്തത്. ഗ്ലാസ്ഗോയിൽ നടക്കുന്ന കോമൺവെൽത്ത് സ്പോർട്സ് ജനറൽ അസംബ്ലിയിലാകും അന്തിമ തീരുമാനം.
2030-ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള നിർദേശങ്ങൾ വികസിപ്പിക്കുന്നതിൽ ഇന്ത്യയും നൈജീരിയയും കാണിച്ച പ്രതിബദ്ധതയ്ക്ക് തങ്ങൾ നന്ദിയുള്ളവരാണെന്ന് കോമൺവെൽത്ത് സ്പോർട്സിൻറെ ഇടക്കാല പ്രസിഡൻ്റ് ഡോ. ഡൊണാൾഡ് റുക്കരെ പറഞ്ഞു.
1930-ൽ കാനഡയിലെ ഹാമിൽട്ടണിൽ നടന്ന ഉദ്ഘാടന പരിപാടിയുടെ ശതാബ്ദി ആഘോഷിക്കുന്ന ഗെയിംസാണ് 2030-ൽ നടക്കുന്നത്. ശതാബ്ദി കോമൺവെൽത്ത് ഗെയിംസിന് അഹമ്മദാബാദിൽ ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് ഇന്ത്യയ്ക്ക് ഒരു ബഹുമതിയായിരിക്കും. ഇന്ത്യയുടെ ലോകോത്തര കായിക, ഇവൻ്റ് കഴിവുകൾ പ്രദർശിപ്പിക്കുക മാത്രമല്ല, 2047 ലെ വീക്ഷിത് ഭാരതത്തിലേക്കുള്ള ദേശീയ യാത്രയിൽ അർഥവത്തായ പങ്ക് വഹിക്കുകയും ചെയ്യുമെന്ന് കോമൺവെൽത്ത് ഗെയിംസ് അസോസിയേഷൻ ഇന്ത്യയുടെ പ്രസിഡൻ്റ് പി.ടി ഉഷ പറഞ്ഞു.
2010-ലായിരുന്നു ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചത്. 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ നീക്കങ്ങൾ നടത്തുന്നുണ്ട്. ഉദ്ദേശ്യപത്രം ഇതിനകം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ഇന്ത്യ സമർപ്പിച്ചു. 2036-ൽ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ രാജ്യം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞിരുന്നു.