വെല്ലിംഗ്ടൺ: കിരിബാത്തിയിലെ ക്രിസ്മസ് ദ്വീപിലും ന്യൂസിലാൻഡിലും പുതുവർഷം പിറന്നു. 2025-നെ സ്വാഗതം ചെയ്യുന്ന ആദ്യ രാജ്യമാണ് കിരിബാത്തി ദ്വീപ്. കിരിബാത്തി ദ്വീപ് ക്രിസ്മസ് ദ്വീപ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വെടിക്കെട്ടിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെയാണു കിരിബാത്തി ദ്വീപുകാർ പുതുവത്സരത്തെ വരവേറ്റത്. കിരിബാത്തിക്ക് പിന്നാലെ ന്യൂസിലാൻഡ്, ടോകെലൗ, ടോംഗ തുടങ്ങിയ പസിഫിക് ദ്വീപുകളിലും പുതുവത്സരം പിറന്നു.
ഓക്‌ലൻഡിലെ സ്‌കൈ ടവറിൽ നടന്ന അതിവിപുലമായ ആഘോഷ പരിപാടികളോടെയാണ് ന്യൂസീലൻഡ് 2025 നെ വരവേറ്റത്. വെടിക്കെട്ടും ലൈറ്റ് ഷോയും തീർക്കുന്ന ആകാശ വിസ്മയം കാണാൻ ആയിരക്കണക്കിന് ആളുകളാണ് റോഡുകളിലും സ്കൈ ടവറിന് സമീപത്തുമായി അണിനിരന്നത്. വെല്ലിംഗ്ടണിൽ തത്സമയ സംഗീതവിരുന്ന്, തെരുവ് പ്രകടനങ്ങൾ, ഗംഭീരമായ ലൈറ്റ് ഷോ എന്നിവയുണ്ടായിരുന്നു. ക്രൈസ്റ്റ് ചർച്ചിലും ക്വീൻസ്ടൗണിലും ആധുനിക ആഘോഷങ്ങളുമായി സമന്വയിപ്പിച്ച് പരമ്പരാഗത മാവോറി സാംസ്കാരിക പരിപാടികൾ നടന്നു.
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ആഘോഷപരിപാടികൾക്കും തുടക്കമായി. ഒപേറ ഹൗസിലും ഹാർബർ ബ്രിഡ്ജിലും ഇതിനോടകം ആഘോഷം തുടങ്ങിക്കഴിഞ്ഞു. ടോക്കിയോ, ലണ്ടൻ, ന്യൂയോർക്ക് സിറ്റി തുടങ്ങി ലോകത്തിലെ പ്രമുഖ നഗരങ്ങളും ന്യൂ ഇയർ ആഘോഷങ്ങൾക്കുള്ള ഒരുക്കത്തിലാണ്.