ശോഭനയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന തുടരും എന്ന ചിത്രത്തിലെ ആദ്യഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു. ‘കൺമണി പൂവേ’ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് പ്രേക്ഷകർക്കരികിലെത്തിയത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ജേക്സ് ബിജോയ് ഈണമൊരുക്കി. എം.ജി.ശ്രീകുമാർ ആണ് ഗാനം ആലപിച്ചത്. പാട്ട് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കിക്കഴിഞ്ഞു. തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മോഹന്‍ലാലിന്റെ 360-ാം ചിത്രമെന്ന പ്രത്യേകതയ്ക്കു പുറമേ ശോഭനയും മോഹന്‍ലാലും 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും സിനിമയ്ക്കുണ്ട്. 2009-ല്‍ അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. 2004-ല്‍ ജോഷിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് മോഹന്‍ലാലും ശോഭനയും അവസാനമായി ജോഡികളായത്.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. കെ.ആര്‍.സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍.സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. രജപുത്രയുടെ ബാനറിൽ എം.രഞ്ജിത്ത് ചിത്രം നിർമിക്കുന്നു.