മലപ്പുറം: ചേളാരിയിൽ പതിനൊന്നുകാരിക്ക് അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പനി ബാധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച് ചേളാരിയിൽ ചികിത്സ തേടിയ കുട്ടി നിലവിൽ മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം പോസിറ്റീവായത്. അതേസമയം രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല.
മലപ്പുറം ജില്ലയിലെ പെരുവള്ളൂർ ആരോഗ്യബ്ലോക്കിന് കീഴിലാണ് കുട്ടിയുടെ പ്രദേശം. രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യപ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടിയുടെ ശരീരത്തിൽ അമീബ കയറാനിടയായ സാഹചര്യം പരിശോധിക്കും. കുട്ടി ജലാശങ്ങളിൽ ഇറങ്ങുകയോ കുളിക്കുകയോ ചെയ്തിട്ടുണ്ടോയെന്നും കണ്ടെത്തും. കുട്ടിയുടെ ബന്ധുക്കളിലാർക്കും രോഗലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക വിവരം.
ഇതോടെ, അമീബിക് മസ്‌തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് കോളേജിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം മൂന്നായി. ഓമശേരി സ്വദേശിയായ മൂന്ന് മാസം പ്രായമായ കുഞ്ഞും അന്നശ്ശേരി സ്വദേശിയായ നാല്‍പതുകാരനുമാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള മറ്റു രണ്ടുപേർ.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
- കെട്ടികിടക്കുന്നതും മൃഗങ്ങളെ കുളിപ്പിക്കുന്നതുമായി കുളത്തിലെ വെള്ളത്തിൽ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്.
- വൃത്തിയാക്കാത്ത ജലസംഭരണികളിലെ വെള്ളം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.
- മൂക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവരും മുറിവുള്ളവരും പ്രത്യേകം കരുതണം.
- തലയിൽ ക്ഷതമേറ്റവർ, തലയിൽ ശസ്ത്രക്രിയയ്ക്ക് വിധേയരായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
- കണ്ണിൽ മുറിവുള്ളവരും ചെവിയിൽ പഴുപ്പുള്ളവരും കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കരുത്.
- പായൽ മൂടിയ സൂര്യപ്രകാശം ഏല്ക്കാത്ത ജലാശങ്ങളിൽ കുളിക്കുന്നതും വെള്ളത്തിൽ മുങ്ങുന്നതും പരമാവധി ഒഴിവാക്കണം.
- വാട്ടർ തീം പാർക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം ക്ലോറിനേറ്റ് ചെയ്‌ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
- മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. ഉപയോഗിക്കുന്നത് ശുദ്ധ ജലമാണെന്ന് ഉറപ്പു വരുത്തുക.
- ദീർഘകാലം തുറന്നിട്ട ഉപയോഗിക്കാത്ത ടാങ്കുകളിലെ വെള്ളം ശുദ്ധീകരിക്കുക