കൊച്ചി: നടി ഹണി റോസിന്റെ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച് അശ്ലീല അധിക്ഷേപങ്ങൾ തുടർച്ചയായി നടത്തിയെന്ന് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടി ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഐ ടി ആക്റ്റും ചുമത്തിയിട്ടുണ്ട്. പൊലീസിൽ പരാതി നൽകിയ കാര്യം ഹണി റോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ബോബി ചെമ്മണ്ണൂർ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ എന്നും താൻ ഭാരത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു എന്നുമായിരുന്നു ഹണി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.
‘ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിൻറെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു’ എന്നാണ് ഹണി റോസ് സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിൽ പറയുന്നത്.
2024 ഓഗസ്റ്റിൽ ബോബി ചെമ്മണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിനു ചെന്നപ്പോൾ സംഭവിച്ച കാര്യങ്ങള്‍ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനെത്തുടർന്ന് ബോബി ചെമ്മണൂരുമായി ബന്ധപ്പെട്ട മറ്റു ചടങ്ങുകളിൽ നിന്ന് താൻ പിന്മാറിയതും പരാതിയിൽ പറയുന്നു. പിന്നീടും ദ്വയാർഥ പ്രയോഗങ്ങളിലൂടെ നിരന്തരം അവഹേളിക്കാൻ ശ്രമിച്ചതിന്റെ വിശദാംശങ്ങളും പരാതിയിലുണ്ട്. സ്വർണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയിൽ ഉടമ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾക്കും കമന്റുകൾക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് താഴെ രൂക്ഷമായ സൈബർ അധിക്ഷേപം നടന്നു. പിന്നാലെ നടി പൊലീസിനെ സമീപിക്കുകയും അശ്ലീല കമൻ്റിട്ടവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ആദ്യം നൽകിയ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതിപ്പെട്ടിരുന്നില്ല. ഇന്ന് ഇദ്ദേഹത്തിനെതിരെ എറണാകുളം സെൻട്രൽ പൊലീസിൽ നേരിട്ടെത്തി താരം പരാതി നൽകുകയും ഇക്കാര്യം ഇൻസ്റ്റഗ്രാമിൽ ബോബി ചെമ്മണ്ണൂരിനുള്ള പരസ്യമായ കത്തിലൂടെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
നടി ഹണി റോസിനെതിരായ പരാമർശത്തിൽ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഖേദം പ്രകടിപ്പിച്ചു. തൻ്റെ പരാമര്‍ശം ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടപ്പിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഹണി റോസിനെ മോശമായി ചിത്രീകരിക്കണമെന്ന് കരുതിയായിരുന്നില്ല തന്റെ പരാമർശമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഇപ്പോൾ പരാതിയുമായി വരാൻ എന്താണ് കാരണമെന്ന് അറിയില്ലെന്നും ബോബി ചെമ്മണൂർ പറഞ്ഞു.
നടി ഹണി റോസിനെ പിന്തുണച്ച് വിമൻ ഇൻ സിനിമ കളക്ടീവ്. ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച് അവൾക്കൊപ്പമെന്ന് കുറിച്ചാണ് ഡബ്ല്യുസിസി പിന്തുണ അറിയിച്ചിരിക്കുന്നത്.
ഹണി റോസിന് പിന്തുണ അറിയിച്ച് ‘അമ്മ’ സംഘടന; 30 പേർക്കെതിരെ കേസെടുത്തു.