ചെന്നൈ: രണ്ടു വ്യത്യസ്ത ബഹിരാകാശപേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള സ്‌പെയ്‌ഡെക്‌സ് സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിന് ഐ.എസ്.ആര്‍.ഒ.യുടെ ധ്രുവീയ വിക്ഷേപണ വാഹനം (പി.എസ്.എല്‍.വി.സി 60) ഇന്നു കുതിച്ചുയരും. രാത്രി 9.58 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേയ്സ് സെന്‍ററില്‍ നിന്നാണ് വിക്ഷേപണം. പേടകങ്ങളെ ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. സ്പെയ്ഡെക്സ് ഉപഗ്രഹങ്ങൾക്കൊപ്പം 24 പരീക്ഷണോപകരണങ്ങള്‍കൂടി ദൗത്യത്തിലൂടെ ബഹിരാകാശത്തെത്തിക്കും. 220 കിലോഗ്രാം വീതം ഭാരമാണ് ഇവയ്ക്ക്.
ഭൂമിയില്‍നിന്ന് 476 കിലോമീറ്റര്‍മാത്രം ഉയരെയുള്ള വൃത്താകൃതിയുള്ള ഭ്രമണപഥത്തിലെത്തുന്ന എസ്.ഡി.എക്‌സ്. 01, എസ്.ഡി.എക്‌സ്. 02 ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററുകളോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവതമ്മിലുള്ള അകലം കുറച്ചുകൊണ്ടു വന്നശേഷമാണ് രണ്ടും കൂട്ടിയോജിപ്പിക്കുക. ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റപേടകംപോലെ പ്രവര്‍ത്തിച്ചശേഷം അവയെ വേര്‍പെടുത്തും. അതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി രണ്ടുവര്‍ഷത്തോളം അവ പ്രവര്‍ത്തിക്കും. പലതവണ വിക്ഷേപിച്ച വ്യത്യസ്ത ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയം നിര്‍മിച്ചത് ഈ വിദ്യയിലൂടെയാണ്. ദൗത്യം വിജയിച്ചാൽ ഇന്ത്യ ഡോക്കിംഗ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും. സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് വിജയിച്ച മറ്റു മൂന്ന് രാജ്യങ്ങൾ.