Thursday, July 31, 2025
Mantis Partners Sydney
Home » സ്നേഹം ചൊരിഞ്ഞ് സഹോദരൻ, മൂന്നാം വാർഷികത്തിൽ 1 കോടി രൂപയും, 100 പുടവയും സഹോദരിമാർക്ക് സമ്മാനിക്കും.
സ്നേഹം ചൊരിഞ്ഞ് സഹോദരൻ, മൂന്നാം വാർഷികത്തിൽ 1 കോടിരൂപയും, 100 പുടവയും സഹോദരിമാർക്ക് സമ്മാനിക്കും.

സ്നേഹം ചൊരിഞ്ഞ് സഹോദരൻ, മൂന്നാം വാർഷികത്തിൽ 1 കോടി രൂപയും, 100 പുടവയും സഹോദരിമാർക്ക് സമ്മാനിക്കും.

by Editor

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ജീവകാരുണ്യ പദ്ധതിയായ സഹോദരൻ കരുതലിന്റെ നാലാം വർഷത്തിലേക്ക്. സഹോദരൻ പദ്ധതിയുടെ മൂന്നാം വാർഷിക ആഘോഷം ഫെബ്രുവരി 9-ന് പശ്ചിമബം​ഗാൾ ​ഗവർണർ സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കുന്ന ചടങ്ങിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അധ്യക്ഷത വഹിക്കും.

വിവാഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന 100 സഹോദരിമാർക്ക് സഹോ​ദരൻ കൈത്താങ്ങാകും. ലഭിച്ച അപേക്ഷകളിൽ നിന്ന് അർഹരായ നൂറ് പേർക്ക് ഒരുലക്ഷം രൂപ വീതം നൽകുന്ന പദ്ധതി ​ഗവർണർ ഉദ്ഘാടനം ചെയ്യും. അഖില മലങ്കര മർത്തമറിയം വനിതാ സമാജം പ്രവർത്തകരാണ് സഹോദരിക്ക് ഒരു തരി പൊന്ന് എന്ന ക്യാംപെയിനിലൂടെ ഈ തുക സമാഹരിച്ചത്. ഇതിന് പുറമേ സഭയുടെ സേവന വിഭാ​ഗമായ ആർദ്ര ചാരിറ്റബിൾ ട്രസ്റ്റ് 100 വിവാഹ സാരികളും നൽകും. മണവാട്ടിക്കൊരു പുടവ എന്ന പേരിലാണ് സഹോദരൻ പദ്ധതിയിലൂടെ ഈ വിവാഹ സമ്മാനം വിതരണം ചെയ്യുന്നത്.

തന്റെ മുൻ​ഗാമി ഭാ​ഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവായുടെ സ്മരണക്കായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ തുടക്കം കുറിച്ച ജീവകാരുണ്യപദ്ധതിയാണ് സഹോദരൻ. 2022 ഫെബ്രുവരിയിൽ തുടക്കം കുറിച്ച പദ്ധതി വഴി ഇതിനോടകം 16 കോടി രൂപയുടെ സഹായം ജാതി-മത ഭേദമെന്യേ ക്ലേശമനുഭവിക്കുന്നവരിലേക്ക് എത്തിച്ചു.

സഹോദരന്റെ സ്നേഹസ്പർശം ഇതുവരെ

ചികിത്സാ സഹായം : 1850 പേർക്ക് 5.16 കോടി രൂപ
വി​ദ്യാഭ്യാസ സഹായം : 721 പേർക്ക് 4 കോടി
വീട് നിർമ്മാണം : 313 പേർക്ക് 5.14 കോടി
വിവാഹം : 191 പേരുടെ വിവാഹം നടത്തി
കൃഷിനാശം, ഇതരസഹായം : 62 ലക്ഷം.

പല തുള്ളി പെരുവെള്ളം = സഹോദരൻ : പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ.

മെത്രാപ്പോലീത്തയായി സേവനം അനുഷ്ഠിക്കുന്ന കാലത്ത് തുടക്കം കുറിച്ച 17 ജീവകാരുണ്യ പദ്ധതികൾക്ക് സുമനസുകൾ നൽകിയ പിന്തുണയാണ് സഹോദരന്റെയും ഊർജ്ജമെന്ന് പരിശുദ്ധ കാതോലിക്കാബാവാ പറഞ്ഞു. ജീവിതയാത്രയിൽ പലകാരണങ്ങൾക്കൊണ്ട് സങ്കടക്കടലിൽ അകപ്പെടുന്നവരുണ്ട്. സാമ്പത്തിക പ്രതിസന്ധി, രോ​ഗങ്ങൾ, മാനസികവെല്ലുവിളി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ദുരിതവുമായി ജീവിക്കുന്ന എത്രയോ പേർ. അവർക്ക് പ്രതീക്ഷയുടെ ഒരു തിരിവെട്ടം പകരാൻ നമുക്ക് കഴിയണം. മതമോ, ജാതിയോ, വർ​ഗമോ, വർണമോ അതിന് തടസമാകരുത്. ഈ ആശയത്തിലൂന്നിയാണ് സഹോദരന്റെ പ്രവർത്തനം. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി സുമനസുകൾ നൽകുന്ന ചെറുതും വലുതുമായ സംഭാവനകളാണ് പദ്ധതിയെ മുന്നോട്ട് നയിക്കുന്നത്. കുഞ്ഞുങ്ങൾ അവരുടെ പിറന്നാൾ ആഘോഷത്തിൽ നിന്നും, വധൂ-വരൻമാർ വിവാഹ ആഘോഷത്തിന്റെ ചിലവ് കുറച്ചുമൊക്കെ നൽകുന്ന വിഹിതങ്ങൾ ചേരുമ്പോൾ പ്രയാസമനുഭവിക്കുന്ന മനുഷ്യരുടെ മുഖത്ത് പുഞ്ചിരി തിരികെയെത്തും.

Send your news and Advertisements

You may also like

error: Content is protected !!