സൈനികമായി ഇടപെട്ടാൽ താങ്ങാനാകാത്ത നഷ്ടമാകും യുഎസിനുണ്ടാകുകയെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇറാൻ ഒരിക്കലും കീഴടങ്ങില്ല. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനം തള്ളി രാജ്യത്തോട് നടത്തിയ പ്രത്യേക അഭിസംബോധനയിലാണ് ഖമനയി ഇക്കാര്യം വ്യക്തമാക്കിയത്. ഏത് വിധത്തിലുള്ള ഭീഷണികൾക്കും ആജ്ഞകൾക്കും മുന്നിൽ ഇറാൻ വഴങ്ങില്ല. വിവേകം ഉള്ളവർ ഇറാനോട് ഭീഷണി സ്വരത്തിൽ സംസാരിക്കാറില്ലെന്നും ഖൊമേനി കൂട്ടിച്ചേർത്തു. ഇറാൻ നിരുപാധികം കീഴടങ്ങണമെന്നും ആയത്തുള്ള അലി ഖമനയി എവിടെയാണെന്ന് വ്യക്തമായി അറിയാമെങ്കിലും ഇപ്പോൾ വധിക്കില്ലെന്നും ട്രംപ് ഇന്നലെ പറഞ്ഞിരുന്നു.
വാഷിങ്ടൻ ഇറാനെ ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നുവെന്നും എന്നാൽ ഇറാന് അവരുടെ ആണവ പദ്ധതി അവസാനിപ്പിക്കാൻ ഒരു അവസരം കുടി നൽകുകയായിരുന്നുവെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഇന്നലെ വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇറാൻ – ഇസ്രയേൽ സംഘർഷം മൂർഛിച്ചതോടെ തുടർനടപടികൾ സംബന്ധിച്ച സാധ്യതകൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറിയെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് പറഞ്ഞു. മധ്യപൂർവദേശത്തുള്ള യുഎസ് സൈന്യത്തിന് പരമാവധി സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഭൂഗർഭ ആണവപദ്ധതികളെ തകർക്കാൻ ബങ്കർ ബസ്റ്റർ ബോംബുകൾ ഇസ്രയേലിന് കൈമാറണോ എന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ട്രംപ് ആണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യുഎസിന്റെ ഒരു യുദ്ധക്കപ്പൽ കൂടി സംഘർഷ മേഖലയിലേക്കു നീങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ യുഎസിന്റെ മൂന്നു യുദ്ധക്കപ്പലുകൾ മേഖലയിലുണ്ട്.
ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് യുഎഇയും സൗദിയും ഉൾപ്പെടെ 21 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇറാനെ ആക്രമിക്കരുതെന്നു റഷ്യയും മുന്നറിയിപ്പു നൽകി. ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമായാൽ പരിണിത ഫലങ്ങൾ രൂക്ഷമായിരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാറാണെന്നും പുടിൻ അറിയിച്ചു. യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇറാനും ഇസ്രയേലും തമ്മിൽ തുടരുന്ന സംഘർഷത്തിൽ പുടിനും അൽ നഹ്യാനും അഗാധമായ ആശങ്ക രേഖപ്പെടുത്തിയതായും ക്രെംലിൻ വൃത്തങ്ങൾ അറിയിച്ചു. ഇറാനെതിരെ യു.എസ് ആയുധം പ്രയോഗിക്കരുതെന്നും അത്തരത്തിലുള്ള നീക്കം പശ്ചിമേഷ്യയെ പാടെ തകർക്കുമെന്നും യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ ധരിപ്പിച്ചതായി റഷ്യയുടെ വിദേശകാര്യ സഹമന്ത്രി സെർഗി റിബ്‌കോവ് ബുധനാഴ്‌ച പറഞ്ഞു. ഇസ്രയേലിന്റെ ഭാഗത്ത് നിന്നുള്ള ആക്രമണം ആണവ ദുരന്തത്തിന് കാരണമായേക്കാമെന്നും റഷ്യ വ്യക്തമാക്കി.
അതേസമയം ഇസ്രയേലുമായുള്ള സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഖത്തർ അമീറിന് ഖമനയി നിർണായക സന്ദേശം കൈമാറിയതായുള്ള റിപ്പോർട്ടുകളും പുറത്തു വന്നു. ഇറാൻ അംബാസഡറാണ് കത്ത് അമീറിന് കൈമാറിയത്. കത്ത് ലഭിച്ചെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ കത്തിലെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ല.
അതിനിടെ ഇസ്രയേൽ ചാര സംഘടനയായ മൊസാദിൻ്റെ ടെൽ അവീവിലെ ആസ്ഥാനം മിസൈൽ ആക്രമണത്തിൽ തകർത്തെന്ന് ഇറാൻ അവകാശപ്പെട്ടു. ഇതിൻ്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടു. ഇക്കാര്യം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. പടിഞ്ഞാറൻ ഇറാനിലേക്കും ഇസ്രയേൽ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. തലസ്ഥാനമായ ടെഹ്റാനിലും വൻ സ്ഫോടനങ്ങളുണ്ടായി. ഇറാനിൽ ഇൻ്റർനെറ്റ് സേവനം ഏറെക്കുറെ നിലച്ചമട്ടാണ്. ഇസ്രയേലുമായുള്ള സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഇൻ്റർനെറ്റിന് ഇറാൻ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്ന് ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന നെറ്റ് ബ്ലോക്സ് എക്സസിൽ കുറിച്ചു. രാജ്യത്തെ ആശയ വിനിമയോപാധികൾ ഇസ്രയേൽ സൈനിക ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന് വ്യക്തമാക്കി ഇറാന്റെ വാർത്താവിനിമയ മന്ത്രാലയമാണ് ഇൻ്റർനെറ്റ് ഉപയോഗം പരിമിതപ്പെടുത്തുന്നതായി അറിയിച്ചത്. വാട്സാപ്പ് ഫോണുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ചൊവ്വാഴ്ച പൗരന്‍മാരോട് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. വ്യക്തികളുടെ വിവരങ്ങളും ലൊക്കേഷനടക്കം വാട്സാപ്പ് ഇസ്രയേലിന് കൈമാറുന്നുവെന്ന് ആരോപിച്ചായിരുന്നു ഈ നടപടി. അതേസമയം, അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നു വാട്സാപ്പ് വ്യക്താവ് പ്രതികരിച്ചു.