96
തുടർഭരണം ലക്ഷ്യമിട്ട് വൻതോതിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള നിർദേശങ്ങളാണ് മുഖ്യമന്ത്രിയുടെ നവകേരള നയരേഖയിൽ ഉൾക്കൊണ്ടിരിക്കുന്നത് . വരുമാനത്തിനനുസരിച്ച് ആളുകളെ തരംതിരിച്ച് എല്ലാ മേഖലകളിലും ഫീസ് ഏർപ്പെടുത്താനും സെസ് ഈടാക്കാനും രേഖയിൽ നിർദ്ദേശമുണ്ട്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും പൊതുമേഖല സ്ഥാപനങ്ങളിൽ പിപിപി (PPP) മാതൃക നടപ്പാക്കുകയും ചെയ്യുമെന്നതാണ് നിർദേശം. ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റെങ്കിലും നിയമസഭയിൽ തുടർഭരണമാണ് ലക്ഷ്യം.
സ്വകാര്യ സർവ്വകലാശാലകൾക്കൊപ്പം ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സ്വകാര്യ പങ്കാളിത്തം ഉൾപ്പെടുത്തും. ഫീസ് വർദ്ധനവിലൂടെ ജനങ്ങളിൽ നിന്ന് അധിക വരുമാനം സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വിവിധ മേഖലകളിൽ പുതിയ സെസ് ഏർപ്പെടുത്തുന്നതും പരിഗണിക്കുമെന്ന് നയരേഖ വ്യക്തമാക്കുന്നു. വ്യവസായ, ടൂറിസം മേഖലകളിൽ കൂടുതൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാനും നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പിപിപി മാതൃകയിലേക്ക് മാറ്റാനും സർക്കാർ ഉദ്ദേശിക്കുന്നതായാണ് രേഖ വ്യക്തമാക്കുന്നത്.
ടൂറിസം മേഖലയിൽ നിക്ഷേപം ആകർഷിക്കാൻ നിക്ഷേപ സെൽ ശക്തമാക്കുകയും വൻകിട ഹോട്ടലുകൾക്കും സ്വകാര്യ ഗ്രൂപ്പുകൾക്കും അനുമതി നൽകാനും തീരുമാനമെടുത്തേക്കും . ഡാമുകളിൽ നിന്നുള്ള മണലെടുപ്പ് ഉൾപ്പെടെയുള്ള വിഭവ സമാഹരണ മാർഗങ്ങളും നയരേഖയിൽ ചർച്ചയാക്കിയിട്ടുണ്ട്.
ഇതിനൊപ്പം വീട്ടമ്മമാർക്ക് പെൻഷൻ അനുവദിക്കാനുള്ള പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായി സ്വകാര്യ നിക്ഷേപങ്ങൾക്ക് എതിർപ്പ് അറിയിച്ച ഭരണകൂടം ഇക്കുറി ചുവപ്പ് പരവതാനി വിരിക്കുകയാണെന്നതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.