മുബൈ: മുബൈ ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്‍റിൽ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതി. നടൻ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവം നടന്ന് രണ്ട് ദിവസമാകാറായിട്ടും പ്രതി ഇപ്പോഴും കാണാമറയത്താണ്.
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിപരിക്കേൽപ്പിച്ച പ്രതിയെ ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. അതിനിടെ അക്രമിയുടെ പുതിയ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടു. സെ്യ്ഫിനെ ആക്രമിച്ചതിന് ശേഷം വസ്ത്രംമാറി നടന്നുപോകുന്ന മോഷ്ടാവിന്റെ ദൃശ്യമാണ് പൊലീസ് പുറത്തുവിട്ടത്. ബാന്ദ്രയിലെ ഒരു ഹോട്ടലിന് മുന്നിലുള്ള സിസിടിവി കാമറയിൽ നിന്നാണ് അക്രമിയുടെ ദൃശ്യങ്ങൾ ലഭിച്ചത്. ആദ്യം ലഭിച്ച ദൃശ്യത്തിൽ കറുത്ത നിറത്തിലുള്ള ഷർട്ടാണ് പ്രതി ധരിച്ചിരിക്കുന്നത്. എന്നാൽ ഹോട്ടലിന് മുന്നിലെ സിസിടിവിയിൽ മോഷ്ടാവ് ധരിച്ചിരിക്കുന്നത് നീല ഷർട്ടാണ്. കനത്ത സുരക്ഷയിലുള്ള ഫ്ലാറ്റിലേക്ക് അക്രമി എങ്ങനെ പ്രവേശിച്ചു എന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. സെയ്ഫ് അലി ഖാന്റെ ഫ്ലാറ്റിലെ എല്ലാ ജീവനക്കാരെയും ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ സംശയം തോന്നിയ ഒരു മരപ്പണിക്കാരനെ ചോദ്യം ചെയ്തെങ്കിലും പിന്നീട് അയാളെ വിട്ടയച്ചു. കൂടാതെ അക്രമിയുടെ രൂപസാദൃശ്യമുള്ള മറ്റൊരു വ്യക്തിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയല്ലെന്ന് വ്യക്തമായതോടെ അയാളെയും വിട്ടയക്കുകയായിരുന്നു.
സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലർച്ചെ 2.30 -ടെയാണ് മുംബൈയിലെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്‌മെന്‍റില്‍ അതിക്രമിച്ച് കയറിയാള്‍ മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. നട്ടെല്ലിൽ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിലാണ് സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തിലുൾപ്പെടെ ആറ് കുത്തേറ്റ സെയ്ഫ് അലി ഖാനെ ലീലാവതി ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചിരുന്നു.
സെയ്ഫ് അലി ഖാൻ, അദ്ദേഹത്തിന്‍റെ ഭാര്യയും നടിയുമായ കരീന കപൂർ, അവരുടെ രണ്ട് മക്കളായ നാല് വയസ്സുള്ള ജെഹ്, എട്ട് വയസ്സുള്ള തൈമൂർ, അഞ്ച് സഹായികള്‍ എന്നിവരാണ് 12 നിലകളുള്ള അപ്പാർട്ട്മെന്‍റിലെ 11 നിലയിലെ വീട്ടിലുണ്ടായിരുന്നത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരിയാണ് ആദ്യം ഉണര്‍ന്നത്. തുടര്‍ന്ന് ഇവര്‍ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് എത്തുകയും അക്രമിയെ കാണുകയുമായിരുന്നു. പ്രതിരോധിക്കുന്നതിനിടെ ഇവരുടെ നിലവിളി കേട്ടാണ് സെയ്ഫ് അലി ഖാന്‍ അവിടേയ്ക്ക് എത്തുന്നത്. തുടർന്ന് അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടെ സെയ്ഫിന് കുത്തേൽക്കുകയായിരുന്നു. സഹായം അഭ്യർഥിച്ചുള്ള ഒരു സ്ത്രീയുടെ നിലവിളി കേട്ടാണ് സെയ്ഫ് അലി ഖാന്റെ വീടിനു മുന്നിലേക്ക് താന്‍ എത്തിയതെന്ന് താരത്തെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ ഭജന്‍ സിങ് റാണ പറഞ്ഞിരുന്നു. ഈ സമയം സെയ്ഫ് ഓട്ടോയുടെ അടുത്തേക്ക് നടന്നെത്തി. അദ്ദേഹത്തിനൊപ്പം ഒരു കൊച്ചു കുട്ടിയും മറ്റൊരാളും ഉണ്ടായിരുന്നു. എട്ടോ പത്തോ മിനിറ്റിനുള്ളില്‍ സെയ്ഫിനെ താന്‍ ആശുപത്രിയില്‍ എത്തിച്ചു എന്നും ഓട്ടോറിക്ഷ ഡ്രൈവര്‍ പറഞ്ഞിരുന്നു.